ആനിക്കാട് പഞ്ചായത്തിലെ പാട്ടപ്പുരയിടം പാലത്തിന് സമീപന പാതയില്ലാത്തതിനാൽ പ്രദേശവാസികൾ ദുരിതത്തിൽ.പാലത്തിലൂടെ ആളുകൾ സഞ്ചരിക്കുന്നത് അപകടഭീതിയിലൂടെയാണ്.
ആനിക്കാട് - പുന്നവേലി റോഡിൽ പുന്നവേലി വലിയതോട്ടിലെ പാട്ടപ്പുരയിടം പാലം പൂർത്തിയാകുന്നതോടെ ആനിക്കാട് പഞ്ചായത്തിലെ 5-ാം വാർഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ നാട്ടുകാരുടെ പ്രതീക്ഷക്കൾക്കാണ് ഇതോടെ മങ്ങലേറ്റിരിയ്ക്കുന്നത്. കൈവരികൾ തകർന്ന് ബലക്ഷയത്തിലുണ്ടായിരുന്ന നടപ്പാലത്തിന്റെ ശോചനീയവസ്ഥയ്ക്ക് പരിഹാരമായിട്ടാണ് പുതിയ പാലത്തിന് പദ്ധതിയിട്ടത്.
എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ചിലവഴിച്ച് ഒരു സ്പാനുള്ള പാലം പൂർത്തീകരിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ 10 ലക്ഷം രൂപ വിനിയോഗിച്ച് 16.9 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തിയും നിർമ്മിച്ചു. എങ്കിലും സമീപന പാതയ്ക്ക് ആവശ്യമായ മറ്റ് പ്രവർത്തികൾ നടന്നില്ല. സംരക്ഷണഭിത്തിക്കുള്ളിൽ പേരിനുമാത്രം നികത്തി. പൂർണമായി നികത്തിയിരുന്നെങ്കിൽ കാൽനടയാത്രക്കാരുടെ അപകടഭീതിയെങ്കിലും ഒഴിവാക്കാൻ സാധിച്ചേനെ.കാൽ തെറ്റിയാൽ 12 അടിയിലേറെ താഴ്ചയിലേക്കാണ് വീഴുന്നത്.
നിർമ്മാണം ഇപ്പോഴും പൂർത്തിയാക്കാത്തതിൽ നാട്ടുകാരുടെ ശക്തമായ പ്രതിക്ഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. പാട്ടപ്പുരയിടം - കുരുന്നംവേലി റോഡിന്റെ പ്രവർത്തികളാണ് നടന്നതെങ്കിലും റോഡില്ലാത്ത സ്ഥിതിയാണിപ്പോൾ.