വൃശ്ചികവാണിഭം നടക്കുന്ന തെള്ളിയൂർക്കാവിൽ ലൈസൻസ് ഫീസ് പിരിക്കാനെത്തിയ എഴുമറ്റൂർ ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരെ കച്ചവടക്കാരും സാമൂഹികവിരുദ്ധരും ചേർന്ന് തടസ്സപ്പെടുത്തിയതായി പരാതി.
1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 236 പ്രകാരമുളള നടപടിയുടെ ഭാഗമായി താത്‌കാലിക ലൈസൻസ് അനുവദിക്കാനും ഫീസ് പിരിവിനുമായി എത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്. ഇതേത്തുടർന്ന് കുറേനേരം സംഘർഷമായിരുന്നു.
വനിതാജീവനക്കാർ ഉൾപ്പെട്ട സ്ക്വാഡിനെ അസഭ്യംപറയുകയും അഴിമതിക്കാരാണെന്ന് ആരോപണം ഉന്നയിക്കുകയും ചെയ്തു. ജീവനക്കാരെ മാനസികമായി തളർത്തുന്ന തരത്തിൽ സംഭാഷണം നടത്തുകയും ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്നതിന് തടസ്സം സൃഷ്ടിക്കുകയുമുണ്ടായി.
ഇതിനാൽ ഗ്രാമപ്പഞ്ചായത്തിന് ലഭിക്കാനുള്ള നികുതിവരുമാനം നഷ്ടപ്പെടുന്നതിന് ഇടയായി. പ്രശ്നപരിഹാരം കാണുന്നതിന് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡൻറ് ഉഷാ ജേക്കബ്, മെമ്പർമാർ എന്നിവരെയും അസഭ്യം പറഞ്ഞു.
ജോലികൾ നിർവഹിക്കുന്നതിന് തടസ്സം വരുത്തിയ കുറ്റക്കാർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും തുടർജോലികൾ നിർവഹിക്കുന്നതിന് ആവശ്യമായ പോലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കോയിപ്രം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.