കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ‘ബി ദ് വാരിയർ’ ബോധവത്കരണ ക്യാംപെയ്നിനു ജില്ലയിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ലോഗോ പ്രകാശനം ചെയ്ത് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുക എന്നതാണ് ക്യാംപെയ്നിന്റെ ലക്ഷ്യം.
യഥാസമയം കോവിഡ് വാക്‌സീൻ സ്വീകരിച്ച്, എസ്എംഎസ് കൃത്യമായി പാലിച്ച്, ആധികാരികമായ സന്ദേശങ്ങൾ മാത്രം കൈമാറി കോവിഡിന് എതിരെയുള്ള പോരാട്ടത്തിൽ ഒരു യോദ്ധാവായി ഓരോ വ്യക്തിയും മാറണം എന്നതാണ് ക്യാംപെയ്ൻ നൽകുന്ന സന്ദേശം.
സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. ഓരോരുത്തരും കോവിഡില്‍ നിന്നും സ്വയം രക്ഷനേടുകയും മറ്റുള്ളവരില്‍ ആ സന്ദേശങ്ങള്‍ എത്തിക്കുകയും വേണം. ശരിയായി മാസ്‌ക് ധരിച്ചും, സോപ്പും വെള്ളമോ അല്ലെങ്കില്‍ സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കിയും, ശാരീരിക അകലം പാലിച്ചും, രണ്ട് ഡോസ് വാക്‌സിനെടുത്തും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഓരോരുത്തരും പങ്കാളിയാകുക എന്നതാണ് ഈ കാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.