സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓക്ടോബർ 4 മുതൽ തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി. ടെക്നിക്കൽ, പോളി ടെക്നിക്, മെഡിക്കൽ വിദ്യാഭ്യാസമുൾപ്പെടെയുള്ള ബിരുദ - ബിരുദാനന്തര സ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാം എന്നാണ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്.
അവസാന വർഷ വിദ്യാർത്ഥികളെയും അധ്യപാകരെയും മറ്റു ജീവനക്കാരേയും ഉൾക്കൊള്ളിച്ചു കൊണ്ട് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോളേജുകളിലെത്തുന്നവർ ഒരു ഡോസ് വാക്സിനെങ്കിലും നിർബന്ധമായും എടുത്തിരിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അവസാന വർഷ വിദ്യാർത്ഥികളെയാണ് ആദ്യ ഘട്ടത്തിൽ പരിഗണിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് റെസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസ്സിന് മുകളിലുള്ളവർക്കുള്ള പരിശീലന സ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകി. ബയോ ബബിൾ മാതൃകയിലായിരിക്കും ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്.
ഇത്തരം സ്ഥാപനങ്ങൾ, ഒരു ഡോസ് വാക്സിനേഷനെങ്കിലും പൂർത്തിയാക്കിയ അധ്യാപകരേയും വിദ്യാർത്ഥികളേയും ഉൾക്കൊള്ളിച്ചു കൊണ്ട് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. എന്നാൽ ആരും ക്യാമ്പസ് വിട്ടു പോകാൻ പാടില്ലെന്നും ഇപ്പോൾ തന്നെ ഇത്തരം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.