ലൈഫ് മിഷന്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചവരുടെ അര്‍ഹതാ പരിശോധന നവംബര്‍ 30 വരെ നടക്കും. പത്തനംതിട്ട ജില്ലയില്‍ 26,889 അപേക്ഷകളാണ് ഫെബ്രുവരി 20 വരെ ഓണ്‍ലൈനായി സമര്‍പ്പിച്ചിട്ടുള്ളത്. അതില്‍ 19,169 പേര്‍ ഭവനരഹിതരും 7720 പേര്‍ ഭൂരഹിത ഭവനരഹിതരുമാണ്.
അപേക്ഷകരുടെ അര്‍ഹതാ, മുന്‍ഗണന, ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള സമയക്രമം എന്നിവ സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 53 ഗ്രാമപഞ്ചായത്തുകളിലും നാലു നഗരസഭകളിലും നിര്‍വഹണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സോഫ്റ്റ്വെയറിന്റെ സഹായത്തോടെയാണ് അര്‍ഹതാ പരിശോധന നടക്കുന്നത്. അര്‍ഹരുടെ കരട് പട്ടിക ഡിസംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കും. തുടര്‍ന്ന് രണ്ടു തലത്തിലുള്ള അപ്പീലിന് അവസരമുണ്ടായിരിക്കും. ഗ്രാമ/വാര്‍ഡ്സഭാ അംഗീകാരത്തിനും തദ്ദേശസ്ഥാപന ഭരണസമിതികളുടെയും അംഗീകാരത്തിനും ശേഷം അന്തിമ പട്ടിക വരുന്ന ഫെബ്രുവരി 28ന് പ്രസീദ്ധികരിക്കും.
അര്‍ഹതാ പരിശോധനയുടെ സുഗമമായ നടത്തിപ്പിനായി ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപന അധ്യക്ഷനും സെക്രട്ടറിയും യോഗം ചേര്‍ന്നു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. സമയബന്ധിതമായി അര്‍ഹതാപരിശോധന പൂര്‍ത്തിയാക്കണമെന്നും അര്‍ഹരായ എല്ലാവരും പട്ടികയില്‍ ഉണ്ടാകുമെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ എ.ഡി.എം അലക്സ് പി.തോമസ്, ലൈഫ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.പി ഉദയ സിംഹന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സുമേഷ്, എ.പി.ഒ പി.എന്‍ ശോഭന, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.