വെള്ളപ്പൊക്കത്തിൽ തകർന്ന മണിമലയാറ്റിലെ കോമളം പാലം അപ്രോച്ച് റോഡോടു കൂടി പുനർനിർമ്മിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.
കോമളം പാലത്തിനും അപ്രോച്ച് റോഡിനുമുണ്ടായ നാശനഷ്ടം സംബന്ധിച്ച് ചീഫ് എൻജിനിയർ വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മണിമലയാറിനു കുറുകെ നിലവിലുള്ള പാലത്തിന്റെ അപ്രോച്ച് റോഡ് കഴിഞ്ഞ ഒക്ടോബർ 17 നുണ്ടായ പ്രളയക്കെടുതിയിൽ ഒലിച്ചു പോയിരുന്നു. തുരുത്തിക്കാട് കരയിലെ അപ്രോച്ച് റോഡാണ് നഷ്ടപ്പെട്ടത്. ഇതോടെ പാലം ഉപയോഗശൂന്യമായി.
1987 നിർമിച്ച പാലത്തിനടയിൽ കൂടി വെള്ളം ഒഴുകിപ്പോകാൻ സ്പാനുകൾ തമ്മിലുള്ള അകലം അഞ്ച് മീറ്റർ മാത്രമാണ്. അതുമൂലം മുളങ്കൂട്ടങ്ങളും കൂറ്റൻ തടികളും പാലത്തിൽ തട്ടിനിന്ന് വെന്റ് വേ പൂർണമായും അടഞ്ഞു. അതോടെ വെള്ളം ഗതിമാറി അപ്രോച്ച് റോഡ് ഭാഗത്തു കൂടി ഒഴുകി അപ്രോച്ച് റോഡ് തകർന്നു. പാലത്തിന്റെ പിയറുകളിൽ പയിടത്തും തടികൾ വന്നിടിച്ച് കോൺക്രീറ്റ് ഇളകിപ്പോയിട്ടുണ്ട്.
വരുംകാലങ്ങളിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വെള്ളമൊഴുക്ക് സുഗമമാക്കുന്ന തരത്തിൽ പാലവും അപ്രോച്ച് റോഡും വേണമെന്നാണ് ചീഫ് എൻജിനീയറുടെ ശിപാർശ. ഇതിനായി പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മാത്യു ടി തോമസിന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.