പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിൽ കൊലപാതകമെന്നു വ്യക്തമായ, കൊട്ടാങ്ങൽ പുല്ലാഞ്ഞിപ്പാറ കണയങ്കൽ ടിഞ്ചു മൈക്കിൾ (26) വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട കേസിൽ പോലീസ് തെളിവെടുപ്പ് നടത്തി.
ടിഞ്ചു താമസിച്ചു വന്ന വീട്ടിലും പരിസരങ്ങളിലും പ്രതിയായ കൊട്ടാങ്ങൽ പുളിമൂട്ടിൽ നെയ്‌മോൻ എന്ന് വിളിക്കുന്ന നസീർ (39) നെ, ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ജെ ഉമേഷ് കുമാറിന്റെ നേതൃത്വത്തിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇന്ന് ഉച്ചയോടെ പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണത്തിനായി സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു. കൃത്യം നടത്തിയ രീതിയും മറ്റും അന്വേഷണസംഘത്തിന് പ്രതി വിവരിച്ചു കൊടുത്തു.
പോലീസ്, മെഡിക്കൽ സംഘങ്ങളുടെ നേതൃത്വത്തിൽ ഇന്നലെ ഡമ്മി പരീക്ഷണം ഉൾപ്പെടെ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.