മണിമലയാറ്റിലെ മിന്നൽ പ്രളയത്തിൽ മൺതിട്ട തകർന്ന് ആറ്റിൽ പതിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും സംരക്ഷണഭിത്തി നിർമ്മിച്ചിട്ടില്ല. കോട്ടാങ്ങൽ - മണിമല റോഡിൽ കൊല്ലാറ പ്പടിയിൽ അപകടം ക്ഷണിച്ചു വരുത്തുന്നതിന് ഇത് കാരണമാകുകയാണ്. മണിമലയാറും റോഡുമായി ഒരേ രീതിയിലായ അവസ്ഥയിലാണിപ്പോൾ. 80 അടിയിലേറെ നീളത്തിലും 30 അടിയോളം താഴ്ചയിലുമാണ് മൺതിട്ട പ്രളയത്തിൽ ഒലിച്ചു പോയത്. നിലവിലെ ഭാഗികമായ സംരക്ഷണഭിത്തി തകർച്ചയുടെ വക്കിലുമാണ്. ഏത് നിമിഷവും ഇത് ആറ്റിലേക്ക് പതിക്കുന്ന അപകടാവസ്ഥയിലാണ്.
തകർച്ച സംഭവിച്ചിട്ടും യാതൊരുവിധ സുരക്ഷാ മുന്നറിയിപ്പുകൾ ഒന്നും തന്നെ ഇവിടെ സ്ഥാപിച്ചിട്ടില്ല. ഇത് ആശങ്കക്ക് ഇടയാക്കുന്നു.
കോട്ടയം - പത്തനംതിട്ട ജില്ലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡു കൂടിയാണ് ഇത്. നൂറുകണക്കിന് വാഹനങ്ങളാണ് ദിനം പ്രതി ഇതുവഴി കടന്നുപോകുന്നതും. അധികൃതരുടെ അനാസ്ഥ വൻ അപകടത്തിന് കാരണമാകും. സംരക്ഷണഭിത്തി പുനർ നിർമ്മിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.