പത്തനംതിട്ട ജില്ലയിൽ പലഭാഗത്തും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്ന സഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി അറിയിച്ചു.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് മുട്ടയിടാൻ സാദ്ധ്യതയുളള ചിരട്ട, ടയർ, കുപ്പി, പാത്രങ്ങൾ, ചട്ടികൾ തുടങ്ങിയവ നീക്കം ചെയ്യുകയോ കമിഴ്ത്തി വയ്ക്കുകയോ വേണം. ഫ്രിഡ്ജിന്റെ പിന്നിലെ ട്രേ, ചെടിച്ചട്ടിക്കടിയിൽ വയ്ക്കുന്ന പാത്രങ്ങൾ, കൂളറിന്റെ ഉൾവശം എന്നിവയിൽ നിന്ന് ആഴ്ചയിലൊരിക്കൽ വെളളം നീക്കം ചെയ്യണം. വെള്ളംശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും കൊതുക് കടക്കാത്തവിധം മൂടി വയ്ക്കുക. ഇവയിലെ വെള്ളം ആഴ്ചയിലൊരിക്കൽ ചോർത്തി കളഞ്ഞശേഷം ഉൾവശവും വക്കുഭാഗവും കഴുകി ഉണക്കി വീണ്ടും വെള്ളം നിറയ്ക്കുക. റബർ പാൽ ശേഖരിക്കുവാൻ വച്ചിട്ടുളള ചിരട്ട, കപ്പ് ഇവ ആവശ്യത്തിനു ശേഷം കമിഴ്ത്തിവയ്ക്കുകയും വെളളം കെട്ടിനിൽക്കുന്ന പാഴ് വസ്തുക്കൾ ഒഴിവാക്കുകയും വേണം. സെപ്ടിക് ടാങ്കിന്റെ വെന്റ് പൈപ്പിന്റെ അഗ്രഭാഗത്ത് കൊതുകുവല ചുറ്റുക. വീടിനുള്ളിലും പരിസരത്തും വെള്ളംകെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കിയാൽ ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകളെ നശിപ്പിക്കാം. ഇതിനായി ആഴ്ചയിലൊരിക്കൽ എല്ലാവരും ഡ്രൈഡേ ആചരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.