സംസ്ഥാനത്ത് എവിടെ ബാലവേല കണ്ടാലും അക്കാര്യം അധികൃതരെ അറിയിക്കുന്നവര്‍ക്കു 2500 രൂപ പാരിതോഷികം ലഭിക്കും. വനിത - ശിശു വികസന വകുപ്പാണു പാരിതോഷികം നല്‍കുന്നതെന്നു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു
ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ അല്ലെങ്കില്‍ ഓഫിസര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കാണു രഹസ്യമായി വിവരം കൈമാറേണ്ടത്. ഇവരുടെ ഫോണ്‍ നമ്പർ http://wcd.kerala.gov.in/offices_icps.php എന്ന ലിങ്കില്‍ ഉണ്ട്.
ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍, പൊലിസ്, മറ്റു വകുപ്പുകള്‍ എന്നിവയുടെ കൂടി സഹകരണത്തോടെ ബാലവേല തടയാന്‍ നടപടി സ്വീകരിക്കും. വിവരം നല്‍കിയവര്‍ക്കുള്ള പാരിതോഷികം രഹസ്യമായിട്ടാകും നല്‍കുക.
14 വയസ്സു പൂര്‍ത്തിയാകാത്തവരെ ജോലിയില്‍ ഏര്‍പ്പെടുത്തരുതെന്നാണു നിയമം. 14-18 പ്രായപരിധിയിലുള്ളവരെ അപകടകരമായ ജോലികളില്‍ ഏര്‍പ്പെടുത്തരുതെന്നും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് കാലത്തു പല സ്ഥലങ്ങളിലും ബാല വേല റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാലവേല നിയമപരമായി നിരോധിക്കുകയും ക്രിമിനല്‍ കുറ്റമാക്കുകയും ചെയ്തിട്ടുണ്ട്. ബാലവേല കേരളത്തില്‍ കുറവാണെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍നിന്നു കൂട്ടികളെ എത്തിക്കുന്നുണ്ട്. ജനപങ്കാളിത്തത്തോടെ മാത്രമേ ഇതു തടയാന്‍ സാധിക്കുവെന്നും മന്തി പറഞ്ഞു.