മണിമലയാറ്റിലെ വായ്പ്പൂര് തേലപ്പുഴക്കടവ് മദ്യപരുടെ താവളമാകുന്നു. ദൂരെ സ്ഥലങ്ങളിൽനിന്ന് വരുന്ന യുവാക്കളാണ് മദ്യപാനത്തിനായി തേലപ്പുഴക്കടവിലെ തൂക്കുപാലവും മണിമലയാറിൻെറ തീരവും തെരഞ്ഞെടുക്കുന്നത്. ഇവരെ നിയന്ത്രിക്കാൻ യാതൊരു നടപടിയെടുക്കാതെ അധികൃതരും.
തൂക്കുപാലം വിനോദസഞ്ചാരികൾക്ക് കൗതുക കാഴ്ചയാണ്. അതിനാൽ തന്നെ അവധി ദിവസങ്ങളിൽ ഇവിടെ സഞ്ചാരികളുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്. എന്നാൽ, ചതിക്കുഴികൾ ഏറെയുണ്ടെന്ന കാര്യം പലപ്പോഴും മറന്നാണ് യുവാക്കൾ ഉൾപ്പെടെയുള്ളവർ ആറ്റിലേക്ക് കുളിക്കാൻ ഇറങ്ങുന്നത്.
ആറ്റിലേക്കിറങ്ങരുതെന്ന തീരവാസികളുടെ ഉപദേശം മദ്യത്തിൻെറ ലഹരിയിൽ ഇവർ കേൾക്കാറില്ല. തൂക്കുപാലത്തിന് താഴെ വാട്ടർ അതോറിറ്റി വെള്ളം ശേഖരിക്കുന്ന കിണറും തടയണയുമുണ്ട്. ഇവിടെയിറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നവരധികവും.
നിരവധി മുങ്ങിമരണങ്ങളും ഇവിടെ നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. തൂക്കുപാലത്തിനു സമീപം നടക്കുന്ന മദ്യപാനവും സാമൂഹിക വിരുദ്ധശല്യവും നിയന്ത്രിക്കാൻ നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.