മല്ലപ്പള്ളി തിരുമാലിടക്ഷേത്രം - മൂരണി - ശാസ്താംകോയിക്കല്‍ റോഡില്‍ അശ്വതിപ്പടിയില്‍ വര്‍ഷങ്ങളായുള്ള ദുരിതയാത്രക്ക് പരിഹാരമാകുന്നു. പൊതുമരാമത്ത് വകുപ്പില്‍നിന്നുള്ള 11 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ കലുങ്ക് നിര്‍മിച്ചാണ് പ്രശ്നപരിഹാരം കണ്ടെത്തുന്നത്. റോഡരികില്‍ 50 മീറ്റര്‍ നീളത്തില്‍ പുതിയ ഓടയും നിര്‍മിക്കും. റോഡില്‍ നിലവിലുള്ളവയ്ക്കു പുറമേ കുറേഭാഗങ്ങളില്‍കൂടി പൂട്ടുകട്ടകള്‍ നിരത്തും.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെറിയ വ്യാസമുള്ള പൈപ്പാണ് കലുങ്കിനായി സ്ഥാപിച്ചത്. ഇതു പൂര്‍ണമായും അടഞ്ഞ് റോഡില്‍കൂടിയായിരുന്നു നീരൊഴുക്ക്. മഴ പെയ്താല്‍ തോടായി മാറുന്ന സ്ഥിതിയായിരുന്നു. റോഡില്‍കൂടി വെള്ളം നിരന്നൊഴുകിയിരുന്നതിനാല്‍ ഗര്‍ത്തങ്ങളുമേറെയായിരുന്നു.
അശ്വതിപ്പടിയില്‍ കലുങ്ക് നിര്‍മിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി റോഡിലെ മറ്റിടങ്ങളില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു, മല്ലപ്പള്ളി ഭാഗത്തുനിന്ന് വായ്പൂര്‍, കോട്ടാങ്ങല്‍, ചുങ്കപ്പാറ എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാര്‍ഗമാണ് ശാസ്താംകോയിക്കല്‍ റോഡ്.