15-നും 18-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായുള്ള കോവിഡ് വാക്സിൻ യജ്ഞം തിങ്കളാഴ്ചമുതൽ ആരംഭിക്കും. ഇതിനായുള്ള രജിസ്ട്രേഷൻ ഞായറാഴ്ച തുടങ്ങിയതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ശനിയാഴ്ച ആരംഭിക്കേണ്ട രജിസ്ട്രേഷൻ വാക്സിൻ എത്താതിരുന്ന സാഹചര്യത്തിലാണ് ഞായറാഴ്ചത്തേക്ക് മാറ്റിയത്. അനുവദിച്ച 17,000 ഡോസ് എത്തിയിട്ടില്ലാത്തതിനാൽ ശേഖരത്തിലുള്ളത് ഉപയോഗിച്ച് വാക്സിനേഷൻ നടത്താനാണ് തീരുമാനം. ജനറൽ, ജില്ലാ ആശുപത്രികളിലും താലൂക്ക് സാമൂഹികാരോഗ്യകേന്ദ്രങ്ങളിലെല്ലാം വാക്സിൻ ലഭിക്കും. പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രികൾ, കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവല്ല, മല്ലപ്പള്ളി, കോന്നി, റാന്നി താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ബുധനാഴ്ചയൊഴികെ ആഴ്ചയിൽ ആറുദിവസവും വാക്സിൻ നൽകും.
പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് വാക്സിൻ നൽകുക. കോവോക്സിനാണ് കുട്ടികൾക്ക് നൽകുന്നത്. എല്ലാ കേന്ദ്രങ്ങളിലും കുട്ടികളുടെ വാക്സിനേഷൻകേന്ദ്രം തിരിച്ചറിയാൻ പിങ്ക് നിറത്തിലുള്ള ബോർഡ് പ്രദർശിപ്പിക്കും. ജില്ലയിൽ ഈ വിഭാഗത്തിൽ 48,854 കുട്ടികളാണുള്ളത്.