പത്തനംതിട്ട ജില്ലാ എജു-ഫെസ്റ്റ് 19-ന് മല്ലപ്പള്ളിയിൽ ആരംഭിക്കും. പുസ്തകമേള, ശാസ്ത്രപ്രദർശനം, വിദ്യാഭ്യാസ സെമിനാറുകൾ, ജനപ്രതിനിധികളുടെ വിവരങ്ങളടങ്ങുന്ന കൈപ്പുസ്തക പ്രകാശനം എന്നിവയും ഒപ്പം നടക്കുമെന്ന് സംഘാടകസമിതി വൈസ് ചെയർമാൻ പ്രൊഫ.ജേക്കബ് എം.എബ്രഹാം പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രധാന പ്രസാധകരുടെ പുസ്തകങ്ങൾ മേളയിൽ വിലക്കിഴിവിൽ ലഭിക്കും. ക്ഷേത്രപ്രവേശന വിളംബര സ്മാരക ശ്രീചിത്തിര തിരുനാൾ സാംസ്‌കാരിക സമിതി, മല്ലപ്പള്ളി പ്രസ് ക്ലബ്ബ്, ത്രിതല പഞ്ചായത്തുകൾ, സഹകരണസംഘങ്ങൾ എന്നിവ ഫെസ്റ്റിനായി ഒന്നിക്കുന്നു. മണിമലയാറ്റിലെ പാലത്തിന് സമീപം മല്ലപ്പള്ളി ടൗണിൽ യൂണിയൻ ക്രിസ്ത്യൻ കൺവെൻഷൻ ഹാളിൽ ബുധനാഴ്ച രാവിലെ 10-ന് പ്രമോദ് നാരായൺ എം.എൽ.എ. മേള ഉദ്‌ഘാടനം ചെയ്യും.
ശ്രീചിത്ര സമിതി ചെയർമാൻ സുരേഷ് ചെറുകര അധ്യക്ഷത വഹിക്കും. താലൂക്കിലെ ജനപ്രതിനിധികളുടെ ചിത്രവും മറ്റ് വിവരങ്ങളുമടങ്ങുന്ന കൈപ്പുസ്തകം ജില്ലാപഞ്ചായത്ത് പ്രസിഡൻറ് ഓമല്ലൂർ ശങ്കരൻ പ്രകാശനം ചെയ്യും. എന്റെ മലയാളം എന്ന വിഷയത്തിൽ ഡോ. എഴുമറ്റൂർ രാജ രാജ വർമ ക്ലാസെടുക്കും. 20-ന് 10-ന് വിക്രംസാരാഭായ് സ്പേസ് സെന്ററിൽനിന്നെത്തുന്ന ‘സ്പേസ് ഓൺ വീൽസ്’ പ്രദർശനം തുടങ്ങും. രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ ഉദ്‌ഘാടനം ചെയ്യും. വൈകീട്ട് അഞ്ചുവരെ സന്ദർശിക്കാം. 21-ന് രാവിലെ 10-ന് സുരക്ഷാ സെമിനാർ തുടങ്ങും. ആന്റോ ആന്റണി എം.പി. ഉദ്‌ഘാടനം ചെയ്യും. എം.ജി.മനോജ് (ജോയിന്റ് ആർ.ടി.ഒ.), ജി.സന്തോഷ് കുമാർ (ഇൻസ്‌പെക്ടർ, കീഴ്വായ്പൂര് പോലീസ് സ്റ്റേഷൻ), ഐ.നൗഷാദ് (എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ) എന്നിവർ ക്ലാസെടുക്കും.
22-ന് 2.30-ന് പരിസ്ഥിതി സമ്മേളനം നടക്കും. മുൻ എം.എൽ.എ. രാജു ഏബ്രഹാം ഉദ്‌ഘാടനം ചെയ്യും. പരിസ്ഥിതി റിപ്പോർട്ടിന് സംസ്ഥാന അവാർഡ് നേടിയ ‘മാതൃഭൂമി’ ന്യൂസ് എഡിറ്റർ പി.കെ.ജയചന്ദ്രൻ, കോഴിക്കോട് ജലവിഭവ വികസന കേന്ദ്രം എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മനോജ് പി.സാമുവേൽ, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മോർലി ജോസഫ് എന്നിവർ പങ്കെടുക്കും.
കൺവീനർമാരായ കുഞ്ഞുകോശി പോൾ, അഡ്വ. ജിനോയ് ജോർജ്, എബി മേക്കരിങ്ങാട്ട് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.