മല്ലപ്പള്ളി 101-ാമത് യൂണിയൻ ക്രിസ്ത്യൻ കൺെവൻഷൻ ജനുവരി ഒൻപതിന് ആരംഭിക്കുമെന്ന് പ്രസിഡന്റ് റവ. ജോണി ആൻഡ്രൂസ്, ഡെപ്യൂട്ടി പ്രസിഡന്റ് റവ. ജോജി തോമസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 12 വരെ മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ പള്ളിയിലും 13 മുതൽ 16 വരെ പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിലുമാണ് യോഗങ്ങൾ ചേരുക.
ദിവസവും വൈകീട്ട് ആറിനാണ് പൊതുയോഗം. മാർത്തോമ്മാ, സി.എസ്.ഐ. സഭകൾ ചേർന്നാണ് കൺെവൻഷൻ നടത്തുന്നത്. ഒൻപതിന് വൈകീട്ട് ആറിന് ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ കൺെവൻഷൻ ഉദ്ഘാടനംചെയ്യും. പ്രസിഡന്റ് റവ. ജോണി ആൻഡ്രൂസ് അധ്യക്ഷത വഹിക്കും.
ജനുവരി 10-നും 11-നും ഡോ. തോമസ് ജോർജും, 12-ന് റവ. ഷാജി തോമസും പ്രസംഗിക്കും. 13-ന് മാർത്തോമ്മാ സഭ കോട്ടയം, കൊച്ചി ഭദ്രാസന കൺവെൻഷൻ ഉദ്ഘാടനത്തോടനുബന്ധിച്ച് യോഗം നടക്കും. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. സി.എസ്.ഐ. മധ്യകേരള ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ പ്രസംഗിക്കും. 14-ന് രാവിലെ പത്തിന് റവ. സാംജി കെ.സാമും വൈകീട്ട് ആറിന് മിനീത തമ്പാനും, 15-ന് വൈകീട്ട് ആറിന് റവ. ഡോ. കെ.തോമസും പ്രസംഗിക്കും.
16-ന് വൈകീട്ട് മൂന്നിന് ചേരുന്ന യുവജനസമ്മേളനം ഗീവർഗീസ് മാർ അപ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനംചെയ്യും. ഡോ. റൂബിൾരാജ് പ്രസംഗിക്കും. വൈകീട്ട് ആറിന് തുടങ്ങുന്ന സമാപനസമ്മേളനത്തിൽ ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് സന്ദേശം നൽകും.
സെക്രട്ടറിമാരായ ജോസി കുര്യൻ, വർഗീസ് കെ. ചാക്കോ, ഖജാൻജിമാരായ സി.ടി.തോമസ്, വി.ജെ.വർഗീസ്, പബ്ലിസിറ്റി കൺവീനർ റോയ്‌സ് വർഗീസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.