കാട്ടുപന്നികളുടെ ശല്യം മൂലം പൊറുതിമുട്ടിയ കല്ലൂപ്പാറക്കാർക്ക് പുതിയ ഭീഷണിയായി വാനരപ്പടയും. കല്ലൂപ്പാറ പഞ്ചായത്ത് നാലാം വാർഡിലാണ് കഴിഞ്ഞ ദിവസം ഒറ്റയായും കൂട്ടമായും കുരങ്ങന്മാർ എത്തിയത്.
കരിക്ക്, വാഴക്കുല, പഴങ്ങൾ മറ്റു പച്ചക്കറികൾ തുടങ്ങിയവ കൂടാതെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന പാകം ചെയ്തതും അല്ലാത്തതുമായ ആഹാര സാധനങ്ങൾ കുരങ്ങന്മാർ തിന്നു നശിപ്പിക്കുകയുമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
കാലാവസ്ഥാ വ്യതിയാനത്തിൽ ചൂട് കൂടുകയും വനത്തിൽ ഭക്ഷ്യവസ്തുക്കൾ കുറയുന്ന സാഹചര്യത്തിലാണ് വാനരന്മാർ സമീപ വനങ്ങളിൽ നിന്നും കൂട്ടത്തോടെ നാട്ടിലിറങ്ങുന്നത്.
അധികൃതർ വാനരശല്യം കുറക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.