ആനിക്കാട് പഞ്ചായത്തിലെ പുന്നവേലി, അട്ടക്കുളം നിവാസികളുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നു. 2021 ഡിസംബർ 13ന് അഡ്വ.മാത്യു ടി.തോമസ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പുതിയ പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.
അട്ടക്കുളം തോട്ടിലെ പഴയ പാലത്തിന്റെ ശോച്യാവസ്ഥയും, വീതി കുറവുമാണ് നാട്ടുകാരെയും സമീപ പ്രദേശത്തുള്ളവരെയും ദുരിതത്തിലാക്കിയിരുന്നത്. തോടിന് ഇരുകരകളിലും റോഡിന് വീതി ഉണ്ടെങ്കിലും പഴയ പാലത്തിലൂടെ ഒരെ സമയം ഒരു ദിശയിലേക്ക് മാത്രമാണ് വാഹനം പോകുന്നതിന് കഴിഞ്ഞിരുന്നത്.
പുതിയ പാലത്തിന് 12.50 മീറ്റർ നീളവും 11 മീറ്റർ വീതിയിലുമാണ് നിർമ്മാണം. പാലത്തിന് ഒരു സ്പാൻ മാത്രമാണ് ഉണ്ടാകുന്നത്, ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തിയും നിർമ്മിക്കും അട്ടക്കുളം ഭാഗത്ത് 150 മീറ്ററും പുന്നവേലിഭാഗത്ത് 200 മീറ്ററായും നിലവിലുള്ള റോഡ് ഇളക്കി നിർമ്മിക്കുന്നതിനുമാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. കരാർ പ്രകാരം ഒന്നര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാകണം.