പുറമറ്റം കവുങ്ങുംപ്രയാറിലെ രണ്ടുവീടുകളിൽ ചൊവ്വാഴ്ച പുലർച്ചെ മോഷണം. കുന്നുംപുറത്ത് കെ.സി. സക്കറിയ, വടായിൽ മാത്തുക്കുട്ടി എന്നിവരുടെ വീടുകളിലാണ് കള്ളൻ കയറിയത്.
കുന്നുംപുറത്തെ വീടിന്റെ താഴത്തെ നിലയിലെ കിടപ്പുമുറിയുടെ ജനാലപ്പാളികൾ കുത്തിയിളക്കി. അകത്ത് മേശയിലും കട്ടിലിലുമായിവച്ചിരുന്ന ബാഗുകൾ തുറന്ന് വിദേശ കറൻസിയടക്കം പന്തീരായിരത്തോളം രൂപ അപഹരിച്ചു. ബാഗിലുണ്ടായിരുന്ന ഇക്കാമ ഉൾപ്പെടെയുള്ള രേഖകൾ നഷ്ടമായില്ല. വീട്ടുകാരൻ ചൊവ്വാഴ്ച രാവിലെ സൗദി അറേബ്യയിലേക്ക് പോകാൻ തയ്യാറായിരുന്നു.
കടലാസുകൾ മോഷണം പോകാതിരുന്നതിനാൽ യാത്ര മുടങ്ങിയില്ല. വടായിൽ വീട്ടിൽ ഏതാനും നാളായി ആരും താമസമുണ്ടായിരുന്നില്ല. മുൻവാതിൽ ചട്ടത്തിലെ പലക ഇളക്കി മാറ്റിയാണ് കള്ളന്മാർ അകത്തുകടന്നത്.
മുകൾ നിലയിലേക്കുള്ള വാതിലും തകർത്തു. എന്നാൽ ഇവിടെ പണം ഇല്ലാതിരുന്നതിനാൽ നഷ്ടമുണ്ടായില്ല. കോയിപ്രം പോലീസും വിരലടയാളവിദഗ്ധരും പരിശോധന നടത്തി.