മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം വെള്ളിയാഴ്ച ആരംഭിക്കും. വൈകീട്ട് ആറിന് തന്ത്രി ചോണൂരില്ലത്ത് ഈശ്വരൻ നമ്പൂതിരി കൊടിയേറ്റും. പുഷ്പാലങ്കാരം, ചതുശ്ശതം നിവേദ്യം എന്നിവയുമുണ്ട്. വൈകീട്ട് ഏഴിന് അവതാരക മീര കലാസന്ധ്യ ഉദ്‌ഘാടനം ചെയ്യും. ഒൻപതിന് തിരുവല്ല ശ്രീവല്ലഭവിലാസം യോഗം കുചേലവൃത്തം കഥകളി നടത്തും.
ശനിയാഴ്ച രാത്രി എട്ടിന് മല്ലപ്പള്ളി മഹാദേവ ഭജൻസിന്റെ നാമഘോഷ ലഹരി, ഞായറാഴ്ച 12-ന് ഉത്സവബലി ദർശനം, വൈകീട്ട് 7.30-ന് പൊതിയിൽ നാരായണ ചാക്യാരുടെ പാഠകം, തിങ്കളാഴ്ച വൈകീട്ട് 7.30 -ന് പൊതിയിൽ നാരായണ ചാക്യാരുടെ ചാക്യാർ കൂത്ത്, ചൊവ്വാഴ്ച രാത്രി എട്ടിന് കങ്ങഴ ശിവോദയയുടെ ഡാൻസ്, ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് ഉത്സവബലി ദർശനം, വൈകീട്ട് 7.30-ന് പ്രശാന്ത് വർമയുടെ മാനസജപലഹരി എന്നിവ നടക്കും.
24-ന് രാത്രി എട്ടിന് കാട്ടൂർ ഹരികുമാറിന്റെ ഭക്തിഗാനസുധ, 25 രാത്രി എട്ടിന് കോട്ടയം ശ്രീകുമാറിന്റെ ഈശ്വരനാമ ജപം. 26-ന് രാത്രി 8.30-ന് മുരണി ശ്രീഭദ്രാ സമിതി ഭജന നടത്തും. 12.30-ന് പള്ളിവേട്ടയ്ക്ക് എഴുന്നള്ളിക്കും. 27-ന് വൈകീട്ട് ആറിന് ആറാട്ടിനെഴുന്നള്ളിക്കും. 7.30-ന് ആറാട്ട് വരവിന് മല്ലപ്പള്ളിയിൽ വരവേൽപ് നൽകും. ദീപക്കാഴ്ചയുമുണ്ട്. 8.30-ന് തേക്കടി രാജൻ സംഗീതക്കച്ചേരി നടത്തും. 12-ന് കാവടി ഹിഡുംബൻപൂജ തുടങ്ങും. 28-ന് രാത്രി 8.30-ന് കാവടി വിളക്ക് ആരംഭിക്കും.
ശിവരാത്രി ദിനമായ മാർച്ച് ഒന്നിന് രാവിലെ ഒൻപതിന് പരിയാരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് കാവടികൾ പുറപ്പെടും. തിരുമാലിട ക്ഷേത്രത്തിൽ അമ്പലപ്പുഴ സുരേഷ് വർമ രുക്‌മിണീ സ്വയംവരം ഓട്ടൻതുള്ളൽ നടത്തും. 12-ന് മല്ലപ്പള്ളി മണൽപ്പുറത്ത് കാവടിയാട്ടം നടക്കും. വൈകീട്ട് നാലിന് കാണിക്കമണ്ഡപത്തിൽനിന്ന് വേലകളി എതിരേൽപ് തുടങ്ങും. രാത്രി 9.30-ന് കായംകുളം ബാബു സംഗീതക്കച്ചേരി നടത്തും. 12-ന് ശിവരാത്രിപൂജ ആരംഭിക്കും. രണ്ടിന് വൈക്കം ചിലമ്പൊലി ഓർക്കസ്ട്ര ഭക്തി ഗാനമേള നടത്തും.