കോട്ടാങ്ങൽ ഭദ്രകാളിക്ഷേത്രത്തിൽ കുളത്തൂർ കരയുടെ വലിയ പടയണി ഇന്ന് ഞായറാഴ്ച നടക്കും. രാത്രി എട്ടിനാണ് തിരുമുൻപിൽ വേല. ആയോധനകലയുടെ അഴകളവുകൾ വ്യക്തമാക്കി കുരുന്നുകൾ വേലകളിയിലെ പയറ്റുമുറകൾ കാഴ്ചവെയ്ക്കും. തുടർന്ന് തിരുമുൻപിൽ പറ വഴിപാട് ആരംഭിക്കും. രാത്രി പന്ത്രണ്ടരയോടെ വലിയ പടയണി ചടങ്ങുകൾ ആരംഭിക്കും.
ദേവിയുടെ രൂപം അനുസ്മരിപ്പിച്ച് ഭൈരവിക്കോലം കളത്തിലെത്തും. യക്ഷി, അരക്കി യക്ഷി, പക്ഷി, മറുത, കൂട്ടമറുത എന്നിവക്ക് പുറമെ വിനോദവും ഊഴമിട്ട് അവതരിപ്പിക്കും. മഹാമൃത്യുഞ്ജയഹോമത്തിനു തുല്യമായ കാലൻകോലം പുലർച്ചെ നാലുമണിയോടെ ഭക്തർക്ക് മുന്നിലെത്തും. കുളത്തൂർകരയുടെ വലിയ പടയണി ചടങ്ങുകൾ തീരുന്നതോടെ കോട്ടാങ്ങൽ കരക്കാർ പടയണി ഏറ്റെടുക്കും. കോട്ടാങ്ങൽ കരക്കാരുടെ അടവി, പള്ളിപ്പാന, കോലം തുള്ളൽ, അടവി പുഴുക്ക് എന്നിവ ശനിയാഴ്ച നടന്നു.