തിരുവല്ല കല്ലൂപ്പാറയിൽ നിർമ്മാണ തൊഴിലാളിയായ തമിഴ്‌നാട് സ്വദേശിയെ കരാറുകാരനും സഹായിയും ചേർന്നു തല്ലിക്കൊന്നു. വാക്കേറ്റത്തെ തുടർന്നാണ് തമിഴ്‌നാട് സ്വദേശിയെ ഇരുവരും ചേർന്നു തല്ലിക്കൊന്നതെന്നാണ് ലഭിക്കുന്ന സൂചന. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി സ്റ്റീഫനാണ് (40)കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ കരാറുകാരൻ മാർത്താണ്ഡം സ്വദശി സുരേഷ്, ആൽബിൻ ജോസ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവല്ല കല്ലൂപ്പാറ എൻജിനീയറിംങ് കോളേജിന് സമീപം കെട്ടിടം പണിക്ക് വന്നയാളാണ് സ്റ്റീഫൻ. തനിക്ക് ജോലി ചെയ്ത വകയിൽ ലഭിക്കാനുള്ള പണം ചോദിക്കാൻ രണ്ടു സുഹൃത്തുക്കളെയും കൂട്ടി സ്വന്തം ബുള്ളറ്റ് ബൈക്കിലാണ് സുരേഷ് താമസിക്കുന്ന വാടകവീട്ടിൽ എത്തിയത്. പണം ചോദിച്ചുണ്ടായ തർക്കത്തിനൊടുവിൽ സ്റ്റീഫനെ സുരേഷും ജോസും ചേർന്ന് ആക്രമിക്കുകയായിരുന്നു.
അടി കൊണ്ട് സ്റ്റീഫൻ ബോധരഹിതനായത് കണ്ട് ഒപ്പം വന്ന സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു. പുലർച്ചെ നാലിന് കല്ലൂപ്പാറ റോഡിൽ പട്രോളിങ് നടത്തുകയായിരുന്ന കീഴ്‌വായ്പൂർ സ്റ്റേഷനിലെ പൊലീസുകാരെ ഇവർ വിവരം ധരിപ്പിച്ചു.
പൊലീസ് എത്തുമ്പോൾ സുരേഷിന്റെ വാടക വീടിന്റെ ഹാളിൽ ബോധരഹിതനായി കിടക്കുകയായിരുന്ന സ്റ്റീഫനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണപ്പെടുകയാരുന്നു.
തിരുവല്ല ഡിവൈ.എസ്‌പി ടി. രാജപ്പൻ റാവുത്തർ, കീഴ്‌വായ്പൂർ ഇൻസ്പെക്ടർ ജി. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.