കോട്ടാങ്ങൽ പടയണി ഇന്നും നാളെയും അടവി


കോട്ടാങ്ങൽ മഹാഭദ്രകാളി ക്ഷേത്രത്തിൽ വെള്ളിയാഴ്ച കുതിരക്കുളമ്പടി മുഴങ്ങും. കുളത്തൂർ കരയുടെ അടവി ഭാഗമായി രാത്രി ഒന്നിനാണ് പടയണിച്ചടങ്ങുകൾ തുടങ്ങുക. തപ്പുമേളത്തോടെ ചൂട്ടുകറ്റ വെളിച്ചത്തിൽ താവടി തുള്ളുന്നതോടെയാണ് ചടങ്ങ് ആരംഭിക്കുക.

കായികാഭ്യാസ പ്രധാനമായ താവടിയിൽ വേലകളി അഭ്യസിച്ചവരാണ് തിളങ്ങുക. തുടർന്ന് കുതിരകളുടെ വരവായി. തെങ്ങിൻ കുരുത്തോലയും പച്ചപ്പാളയും ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ അരക്കുതിരകളും അവയെ തെളിച്ച് പട്ടാണികളും കളത്തിലെത്തും. യക്ഷി, പക്ഷി, മറുത, കൂട്ടമറുത കോലങ്ങൾ ഊഴമിട്ടെത്തും. കാളിയുടെ പ്രതിരൂപമായി ഭൈരവിയും കടന്നുവരും. സാമൂഹിക വിമർശനങ്ങളുമായി വിനോദവും അവതരിപ്പിക്കും.

അടവിയുടെ ഭാഗമായി മലദൈവങ്ങളെ വിളിച്ചാണ് പള്ളിപ്പാന ഒരുക്കുക. പിണിയാൾ കലിതുള്ളി നൂറുകണക്ക് കരിക്കുകൾ പാനക്കുറ്റികൊണ്ട് അടിച്ചുടക്കും. മരങ്ങൾ നാട്ടിപ്പിടിച്ച് ക്ഷേത്രപരിസരം വനമാക്കുന്ന അടവിയാണ് അവസാനം.

പോരിന് വിമുഖത കാട്ടിയ ദാരികാസുരനെ ,വൃക്ഷ ലതാദികൾ പിഴുതെറിഞ്ഞ് ഭദ്രകാളി, പ്രകോപിപ്പിച്ച് യുദ്ധത്തിന് പ്രേരിപ്പിച്ചതിന്റെ സ്മരണാർത്ഥമാണ് അടവി നടത്തുന്നത്.വിവിധ സ്ഥലങ്ങളിൽ നിന്ന് കരക്കാർ കൊണ്ടുവരുന്ന മരങ്ങൾ ക്ഷേത്ര മുറ്റത്തുയർത്തി കൃത്രിമ വനം സൃഷിക്കുന്നു. തുടർന്ന് ഗോത്ര സ്മരണകൾ ഉണർത്തി ഉടുമ്പ് തുള്ളൽ നടത്തുന്നു. കരക്കാർ കൈ കോർത്തു തുള്ളുന്ന ഉടുമ്പ് നൃത്തം ഭേദവത്യാസം ഇല്ലാത്ത കൂട്ടായ്മയുടെ സന്ദേശം പകർന്നു നൽകുന്നു .

ഇന്ന് കുളത്തൂർ കരയുടെ ചടങ്ങുകൾ തീരുന്ന മുറയ്ക്ക് കോട്ടാങ്ങൽ കരക്കാർ പടയണി ഏറ്റെടുക്കുകയും നാളെ കോട്ടാങ്ങൽ കരക്കാരുടെ അടവി നടക്കുകയും ചെയ്യും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ