മല്ലപ്പള്ളി താലൂക്ക് ആശുപത്രി നവീകരണത്തിന് 38.25 കോടി രൂപയുടെ പദ്ധതി രൂപരേഖ തയ്യാറാക്കിയിട്ട് വർഷം മൂന്നാകാറായി. 2019 മേയ് 28-നാണ് സർക്കാർ ഭരണാനുമതി നൽകിയത്. കെട്ടിടങ്ങൾ നിർമിക്കേണ്ട സ്ഥലത്തെ മണ്ണ് പരിശോധന നടത്തി. തുടർന്ന് തയ്യാറാക്കിയ പദ്ധതി രൂപരേഖ സർക്കാരിന്റെ സാങ്കേതിക സമിതി പരിഗണിച്ച് തിരുത്തലുകൾ നിർദേശിച്ചു. ഇതനുസരിച്ച് പുതുക്കിയ എസ്റ്റിമേറ്റ് കഴിഞ്ഞ ജൂലായിൽ കിഫ്ബിക്ക് അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. അവസാന അനുമതി ഈ മാസം ലഭിക്കുമെന്ന് കരുതുന്നു.
ഇതിന് പുറമെ അഗ്നിരക്ഷാസേന, പരിസ്ഥിതി വകുപ്പ് എന്നിവയുടെ അനുമതികൂടി ലഭിച്ചാൽ മാത്രമേ ടെൻഡർ നടപടികളിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂ എന്നാണ് പ്രവൃത്തിയുടെ ചുമതല വഹിക്കുന്ന കെ.എസ്.ഇ.ബി. സിവിൽ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്.
മല്ലപ്പള്ളി താലൂക്ക് ആശുപത്രിക്ക് പുതിയ മന്ദിരം തീർക്കാൻ നിലവിലുള്ള ഏഴ് കെട്ടിടങ്ങൾ പൊളിച്ചുനീക്കും. ഫെബ്രുവരി 15 അവസാന തീയതിയായി ആശുപത്രി സൂപ്രണ്ട് ടെൻഡർ ക്ഷണിച്ചു. പൊളിക്കുന്ന സാധനങ്ങൾ 30 ദിവസത്തിനുള്ളിൽ ഒഴിവാക്കണം. അത്യാഹിത വിഭാഗം, ഏറ്റവും പിന്നിലെ ഇരുനില വാർഡ് കെട്ടിടം, ദന്താരോഗ്യ വിഭാഗം എന്നിവ മാത്രമേ ബാക്കി നിർത്തുകയുള്ളൂ.
ആറ് നിലകളിലായി 7781 ചതുരശ്രമീറ്റർ വിസ്താരമുള്ള പുതിയ കെട്ടിടം പണിയാനാണ് ഉദ്ദേശിച്ചിരുന്നത്. പൂർത്തിയാകുമ്പോൾ 131 കിടക്കകൾ അനുവദിക്കും. താഴത്തെ നിലയിൽ അത്യാഹിത വിഭാഗവും ശസ്ത്രക്രിയ ഹാളും തീർക്കും. ഒന്നാം നിലയിലാണ് ഒ.പി.വിഭാഗവും ഡോക്ടർമാരുടെ പരിശോധനാ മുറികളും ഒരുക്കുക. ഡയാലിസിസ് യൂണിറ്റും ഇവിടെ പ്രവർത്തിക്കും. കെട്ടിടത്തിന്റെ അടിയിലും പുറമേ മറ്റ് ഇടങ്ങളിലും പാർക്കിങ് സ്ഥലം ഒരുക്കും.