തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന റോഡ് പുനര്‍നിര്‍മിക്കുന്നതിന് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുന്നു. ഇതു സംബന്ധിച്ച് നിയമം നിഷ്കര്‍ഷിക്കുന്ന സാമൂഹികാഘാത പഠനം കളമശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാജഗിരി എജ്യുക്കേഷണല്‍ ഓള്‍ട്രനേറ്റീവ് ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്ത് സര്‍വീസസ് സൊസൈറ്റി നടത്തിയിരുന്നു. സ്ഥലം ഏറ്റെടുപ്പിനുള്ള നടപടികള്‍ ഉടന്‍ തുടങ്ങും.
എട്ട് വില്ലേജുകളിലായി 2.3835 ഹെക്ടര്‍ സ്ഥലമാണ് റോഡിനുവേണ്ടി വരുന്നത്. വസ്തു ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഹൈക്കോടതിയില്‍ ഉള്ളതിനാല്‍ നിയമവ്യവസ്ഥകള്‍ എല്ലാം പാലിച്ചു മാത്രമേ ഏറ്റെടുക്കല്‍ നടപടികള്‍ തുടരാവൂവെന്ന കോടതി നിര്‍ദേശത്തേ തുടര്‍ന്നാണ് സാമൂഹിക പഠന ഏജന്‍സിയെ നിയോഗിച്ചത്. പഠന റിപ്പോര്‍ട്ട് മാസങ്ങള്‍ക്കു മുമ്പ് ജില്ലാ കളക്ടര്‍ക്കും മറ്റ് അധികാരികള്‍ക്കും കൈമാറിയിരുന്നു.
നടപടികള്‍ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്നതിനാല്‍ സ്ഥലം ഉടമസ്ഥര്‍ക്ക് പൊന്നുംവില നല്കുന്നതിനു നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പ്രതികൂലമായി ബാധിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം, പുനരധിവാസം, പുന സ്ഥാപനം എന്നിവ സമയബന്ധിതമായി അനുവദിച്ചുകൊണ്ട് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
83 കോടി രൂപ മുടക്കി നിര്‍മിക്കുന്ന റോഡിന്റെ സ്ഥലമേറ്റെടുപ്പിനായി അതിരുകല്ലുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായിരുന്നു. സ്ഥലം ഏറ്റെടുത്ത് റോഡ് നിര്‍മാണ കമ്പനിയായ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്പറേഷന് കേരള ലിമിറ്റഡിന് (റിക്ക്) കൈമാറും. അഞ്ചുവര്‍ഷം മുമ്പാണ് റോഡ് നിര്‍മാണത്തിന് അനുമതി ലഭിച്ചത്. ഒരുവര്‍ഷം കൊണ്ട് സര്‍വേ നടപടി പൂര്‍ത്തിയാക്കിയിരുന്നു. റോഡിന് നിലവില്‍ എട്ട് മുതല്‍ പത്തു മീറ്റര്‍വരെ വീതിയുണ്ട്. ഏറ്റെടുക്കേണ്ടത് 12 മീറ്റര്‍ വീതിയാണ്. ഇതില്‍ ഏഴു മീറ്റര്‍ വീതിയില്‍ ടാറിംഗും ഒന്നരമീറ്റര്‍ വീതം ഷോള്‍ഡറും നടപ്പാതയും ഉള്‍പ്പെടും.
എംസി റോഡില്‍ തിരുവല്ല ദീപ ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന റോഡ് പായിപ്പാട്, കുന്നന്താനം, ചെങ്ങരൂര്‍, മല്ലപ്പള്ളി വഴി ചേലക്കൊമ്പിലെത്തുമ്പോള് 20.4 കിലോമീറ്ററാണ് ദൈര്‍ഘ്യം. തിരുവല്ല മുതല്‍ മല്ലപ്പള്ളിവരെ 12 മീറ്ററും മല്ലപ്പള്ളി - ചേലക്കൊമ്പ് പാത 10 മീറ്ററുമാണ് വീതി നിശ്ചയിച്ചിരിക്കുന്നത്.
പത്തനംതിട്ട ജില്ലയില്‍ തിരുവല്ല, കുറ്റപ്പുഴ, കുന്നന്താനം, കല്ലൂപ്പാറ, മല്ലപ്പള്ളി, ആനിക്കാട് വില്ലേജുകളിലും കോട്ടയം ജില്ലയിലെ പായിപ്പാട്, നെടുംകുന്നം വില്ലേജുകളിലുമാണ് ഭൂമി ഏറ്റെടുക്കേണ്ടത്.