മാരാമൺ കൺവെൻഷന്റെ 127-ാമത് മഹായോഗത്തിന് ഞായറാഴ്ച തുടക്കമാകും. ഞായറാഴ്ച 2.30 -ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്താ അധ്യക്ഷത വഹിക്കും. സാമൂഹിക മാധ്യമങ്ങളിലൂടെ തത്സമയ സംപ്രേക്ഷണം ഒരുക്കിയിട്ടുണ്ട്.
കൺവെൻഷന്റെ നടത്തിപ്പിന് സർക്കാർ വകുപ്പുകൾ ക്രമീകരണം പൂർത്തിയാക്കി. പോലീസ്, എക്സൈസ്, അഗ്‌നിരക്ഷാസേന, ആരോഗ്യവകുപ്പ്, ടെലികോം, വൈദ്യുതി തുടങ്ങിയ വകുപ്പുകളും സജ്ജമായിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസ് നടത്തും. അഞ്ച് ബസുകൾ വീതം പത്തനംതിട്ട, തിരുവല്ല ഡിപ്പോകളിൽ നിന്നാണ് സർവീസ് നടത്തുന്നത്. തിരുവല്ല ഡിപ്പോയിൽനിന്ന് തിരുവല്ല -കോഴഞ്ചേരി-മാരാമൺ അധിക സർവീസുകളും നടത്തും.
മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ ബിഷപ്പ് ദിലോരാജ് ആർ. കനകസാബെ- ശ്രീലങ്ക, റവ. ഡോ. ജോൺ സാമുവേൽ പൊന്നുസാമി-ചെന്നൈ, റവ. അസിർ എബനേസർ, ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, ആർച്ച് ബിഷപ്പ് ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവാ, മാർ ഔഗേൻ കുര്യാക്കോസ് മെത്രാപ്പൊലീത്താ, ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ, കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്താ എന്നിവരാണ് മുഖ്യ പ്രാസംഗികർ.
പരമാവധി 1500 പേർക്ക് പങ്കെടുക്കാം
മാരാമൺ കൺവെൻഷനുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം മാർഗനിർദേശം പുറപ്പെടുവിച്ചു. കോവിഡ് പശ്ചാത്തലത്തിൽ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ പരമാവധി 1500 പേരെ പങ്കെടുപ്പിച്ച് കൺവെൻഷൻ നടത്തുന്നതിനാണ് ജില്ലാ ഭരണകൂടം അനുമതി നൽകിയത്. ഇതുസംബന്ധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ ഡോ. ദിവ്യ എസ്.അയ്യർ ഉത്തരവിറക്കി.
72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവ് ആയതിന്റെ രേഖ കൈവശമുള്ള 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
രോഗലക്ഷണമില്ലാത്ത 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കാം. പങ്കെടുക്കുന്ന എല്ലാവരും മാസ്‌ക് മുഴുവൻ സമയവും ഉപയോഗിക്കുന്നുണ്ടെന്ന് സംഘാടകർ ഉറപ്പുവരുത്തണം.
പന്തലിൽ ആഹാര സാധനങ്ങൾ വിതരണം ചെയ്യാൻ പാടില്ല. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നെന്ന് കൺവെൻഷൻ സംഘാടകർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.