തിരുവല്ല ബൈപ്പാസിൽ ലോറി തട്ടി റോഡിൽ വീണ വയോധികയുടെ ദേഹത്തൂടെ അതേ ലോറിയുടെ പിൻ ചക്രങ്ങൾ കയറിയിറങ്ങി മരിച്ചു. കോന്നി മങ്ങാരം പൊന്തനാം കുഴിയിൽ, സുവിശേഷകൻ മത്തായിയുടെ ഭാര്യ മേഴ്സി മത്തായി (65) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ മത്തായിക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്ന് ഉച്ചയോടെ തിരുവല്ല YMCA ജംഗ്ഷനിന്ന് മുകളിൽ കൂടി പോകുന്ന ബൈപാസിലായിരുന്നു അപകടം. ടി.എം.എം ആശുപത്രിയിൽ നിന്നും കോന്നിയിലേയ്ക്ക് പോകുകയായിരുന്നു ഇരുവരും. ഈ സമയം ഇവർ സഞ്ചരിച്ച സ്കൂട്ടറിന്റെ ഹാൻഡിലിൽ ലോറി തട്ടുകയായിരുന്നു. ഇതേ തുടർന്ന് റോഡിൽ വീണ മേഴ്സിയുടെ ശരീരത്തിലൂടെ ലോറിയുടെ പിൻ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു.
മേഴ്സിയുടെ മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. റൂബി, ജോൺ, ജേക്കബ്, ജെയിംസ് എന്നിവർ മക്കളാണ്.