കിഴക്കന്‍ മലയോര മേഖലകളില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഉരുള്‍പൊട്ടലും പ്രളയവും മണിമലയാറിന്റെ മദ്ധ്യത്തിലുള്ള കുളത്തൂര്‍മൂഴി തുരുത്തിനെ കാര്‍ന്നെടുക്കുന്നു.
കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ തുരുത്തിന്റെ വടക്കുഭാഗം നെടുകെ ഇടിഞ്ഞുതാഴ്ന്നു. 30 സെന്റിമീറ്ററിലധികം സ്ഥലമാണ് ആറ് കവര്‍ന്നെടുത്തത്. ഒരേക്കറില്‍ അധികമായിരുന്നു മുന്‍പ് വിസ്തൃതി. മണലും ചെളിയും ചേര്‍ന്ന് എഴുന്നുനില്‍ക്കുന്ന തുരുത്ത് നദീപ്രവാഹത്തെ രണ്ടായി പിരിച്ചപ്പോഴും തുരുത്തില്‍ ഔഷധസസ്യങ്ങള്‍ മുതല്‍ വട വൃക്ഷങ്ങള്‍ വരെ ഇപ്പോഴും പച്ചപ്പ് വിരിച്ച് നില്‍ക്കുന്നു. വിവിധയിനം പക്ഷികളുടെയും ദേശാടനക്കിളികളുടെയും ആവാസ കേന്ദ്രമാണ് ഈ പച്ചപ്പ്.
വെള്ളപ്പൊക്ക സമത്ത് വന്നടിയുന്ന എക്കലും ശക്തിയുള്ള ജലപ്രവാഹം കൊണ്ടുവരുന്ന തടികളും, പടര്‍പ്പുകളും പാലത്തിന്റെ തൂണുകളില്‍ തടഞ്ഞുനില്‍ക്കുമ്ബോള്‍ രൂപപ്പെടുന്ന ചുഴി നദി മദ്ധ്യത്തിലേയ്ക്ക് ചേറും മണലും തള്ളിമാറ്റും. അവ അടിഞ്ഞാണ് തുരുത്തു രൂപാപ്പെടുന്നത്.