കല്ലൂപ്പാറയിലെ രണ്ട് വീടുകളിൽ മോഷണശ്രമം. ഒരിടത്തുനിന്ന് രണ്ടരപ്പവന്റെ സ്വർണമാല നഷ്ടപ്പെട്ടു. ആറാംവാർഡിലെ കുംഭമല ട്രാൻസ്ഫോർമറിന് സമീപം പ്ലാക്കട പുത്തൻവീട് രാജന്റെ ഭാര്യ സുധയുടെ മാലയും താലിയുമാണ് ഞായറാഴ്ച വെളുപ്പിന് രണ്ടുമണിയോടെ മോഷണം പോയത്. അടുക്കള വാതിൽ കുറ്റിയിളക്കി അകത്ത് കടന്ന കള്ളൻ, ഉറങ്ങിക്കിടന്ന സുധയുടെ കഴുത്തിൽനിന്ന് പൊട്ടിച്ചെടുക്കുകയായിരുന്നു. ഇവിടെനിന്ന് ആയിരം രൂപയും കൊണ്ടുപോയി.
എട്ടാംവാർഡിലെ കുറഞ്ഞൂക്കടവിന് സമീപം തുണ്ടുമുറിയിൽ ജോയിയുടെ വീട്ടിൽ രാത്രി 12 മണിയോടെ കയറാൻ നടത്തിയ ശ്രമം ക്യാമറയിൽ പതിഞ്ഞതിനാൽ കള്ളൻ ഓടിരക്ഷപ്പെട്ടു. കാറിന്റെ അരികിലൂടെ പതുങ്ങിവന്ന് ജനാലയുടെ അകത്തേക്ക് കൈയിടാൻ ശ്രമിച്ചു. വെളിയിലെ ക്യാമറയിലെ ഈ ദൃശ്യം ബെംഗളൂരുവിൽ ആയിരുന്ന ജോയിയുടെ മകൻ മൊബൈൽ ഫോണിൽ കണ്ടു.
വീട്ടിലുള്ളവരെ ഉടനെ ഫോണിൽ അറിയിച്ചു. പുറത്തുള്ള വിളക്കുകൾ ഒന്നിച്ച് തെളിച്ച് ബഹളംവെച്ചതോടെ കള്ളൻ കടന്നു. വിവരമറിഞ്ഞെത്തിയ കീഴ്‌വായ്പൂര് പോലീസിന് ദൃശ്യങ്ങൾ കൈമാറി.