റാന്നി കക്കുടുമണ്ണിന് സമീപം നിയന്ത്രണംവിട്ട സ്വകാര്യ ബസ് കുഴിയിലേക്ക് ഇറങ്ങി. ബസിന്റെ മുൻഭാഗം പൂർണമായി കുഴിയിലേക്ക് ഇറങ്ങിയെങ്കിലും തെങ്ങിൽതട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി. ശനിയാഴ്ച വൈകീട്ട് 4.20-നാണ് അപകടം.
കോട്ടയം-അത്തിക്കയം-പെരുനാട് റൂട്ടിൽ സർവീസ് നടത്തുന്ന ഗ്രേസ് ബസാണ് ചെരിഞ്ഞത്. റാന്നി-അത്തിക്കയം റോഡിൽ കരികുളം വനമേഖല അവസാനിക്കുന്ന ഭാഗത്തുള്ള വളവിൽ നിയന്ത്രണംവിട്ട ബസ് ചെളിക്കുഴിയിൽ ഏബ്രഹാമിന്റെ വീട്ടുമുറ്റത്തേക്കാണ് ഇറങ്ങിയത്. ഇവിടെയുള്ള തെങ്ങിൽതട്ടി ബസ് നിന്നതിനാൽ മറിയാതെ രക്ഷപ്പെട്ടു. ഇതിനുമുമ്പും ഇവിടെ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്.
റോഡരികിൽ സംരക്ഷണഭിത്തികെട്ടണമെന്ന് ഏറെ നാളുകളായി നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.