ശക്തമായ കാറ്റിൽ പെരുമ്പെട്ടിയിലും സമീപ പ്രദേശങ്ങളിലും നാശനഷ്ടം. മരംവീണ് വീടിന്റെ മേൽക്കൂര തകർന്ന് ഒരു വീട്ടിലെ മൂന്നുപേർക്ക് പരിക്കേറ്റു. പെരുമ്പെട്ടി അമ്പലത്തിന് സമീപം കുടയ്ക്കാട്ട് ഉണ്ണികൃഷ്ണൻ(60), പുരുഷോത്തമൻ നായർ(55), സുജാത(46), പങ്കജാക്ഷിയമ്മ(95) എന്നിവർക്കാണ് പരിക്കേറ്റത്. ഓടുവീണ് തലയ്ക്ക് പരിക്കേറ്റ ഇവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരങ്ങൾ വീണ് മൂന്നു വീടുകൾക്ക് നാശനഷ്ടമുണ്ടായി. പെരുമ്പെട്ടി അമ്പലം ഭാഗം, കാക്കമല ഭാഗങ്ങളിലാണ് നാശമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ വീശിയ കാറ്റിലും മഴയിലുമാണ് നാശനഷ്ടമുണ്ടായത്. കനത്ത ഇടിമിന്നലുമുണ്ടായിരുന്നു. ആഞ്ഞിലിമരം വീടിന്റെ മുകളിലേക്ക് വീണ് മേൽക്കൂരയിലെ ഓടുകൾപൊട്ടിവീണാണ് മൂന്നുപേർക്ക് പരിക്കേറ്റത്.
സമീപം നിർമാണത്തിലിരിക്കുന്ന ചാലുംകരോട്ട് സുരേഷ്, ചിരട്ടോലിൽ ലൈലാ ബീവി എന്നിവരുടെ വീടിനു മുകളിലും മരം വീണു. പെരുമ്പെട്ടി-ആടിയാനി റോഡിൽ കാക്കമല കൽക്കുഴിപടിയിൽ തേക്കുമരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇടിമിന്നലിൽ പെരുമ്പെട്ടി തെക്കേമുറിയിൽ അശ്വതി ഭവനിൽ ടി.കെ.ചന്ദ്രൻപിള്ളയുടെ വീട്ടിൽ നാശനഷ്ടമുണ്ടായി. മീറ്ററും സ്വിച്ച്‌ബോർഡുകൾ തകർന്നു.
റാന്നിയിൽ നിന്നെത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചുനീക്കി. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സന്തോഷ് പെരുമ്പെട്ടി, രാജേഷ് കുമാർ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി.