മാനസിക രോഗിയായ യുവാവിന്റെ കുത്തേറ്റ് കുന്നന്താനം കീഴടിയിൽ വിജയമ്മ (62) മരിച്ചു.
ഇന്ന് രാവിലെ 9 മണിയോടെ മാനസിക രോഗിയായ അയ്യപ്പന്‍ എന്നു വിളിക്കുന്ന പ്രദീപ് കുമാർ എന്നയാൾ വീട്ടിൽ കയറി കുത്തുകയായിരുന്നു. മദ്യത്തിനും മയക്കു മരുന്നിനും അടിമയാണ് പ്രതി എന്ന് നാട്ടുകാർ പറയുന്നു.
അതിരാവിലെ തന്നെ ചിലരോട് വാക്കേറ്റം നടത്തി വരും വഴിയാണ് തുണി നനച്ചു കൊണ്ടു നിന്ന വിജയമ്മയെ പ്രതി കണ്ടത്. തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും പിന്നാലെ കൈയിലിരുന്ന ബിയര്‍ കുപ്പി തല്ലിപ്പൊട്ടിച്ച് കുത്തുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ വിജയമ്മയെ തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൃത്യത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരും കീഴ്‌വായ്പൂര് പൊലീസും ചേര്‍ന്ന് പിടികൂടി. യുവാവിനെ കീഴ്വായ്പൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.