പരിക്കേറ്റസ്ത്രീയെ ആശുപത്രിയിൽ എത്തിക്കുന്നതിന് വിസമ്മതിച്ച ഓട്ടോ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. പിടന്നപ്ലാവ് ജങ്ഷൻ സ്റ്റാൻഡിലെ ശശി എന്ന ഡ്രൈവർക്കെതിരേയാണ് നടപടി. ആനിക്കാട് ഗ്രാമപ്പഞ്ചായത്തിലെ കുളത്തുങ്കൽ കവലയ്ക്കു സമീപം തൊഴിലുറപ്പ് പദ്ധതിയിൽ ഏർപ്പെട്ടിരുന്ന സ്ത്രീക്കാണ് മരക്കുറ്റിയിൽ വീണ് പരിക്കേറ്റിരുന്നത്.
ആനിക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത് മാത്യു ഇവരെ സ്കൂട്ടറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ സാധിച്ചില്ല. തുടർന്ന് പിടന്നപ്ലാവ് ജങ്ഷനിലുള്ള സ്റ്റാൻഡിൽ എത്തി ഓട്ടോ വിളിച്ചെങ്കിലും സവാരിക്ക് പോകുവാൻ തയ്യാറായില്ല.
അതിശക്തമായ മഴ ഉണ്ടായിരുന്ന സാഹചര്യത്തിൽ മറ്റൊരു ഓട്ടോയിലാണ് ആശുപത്രിയിൽ എത്തിയത്. ഇത് സംബന്ധിച്ചു പഞ്ചായത്ത് പ്രസിഡന്റ് മല്ലപ്പള്ളി ജോയിന്റ് ആർ.ടി.ഒ.യ്ക്ക് രേഖാമൂലം പരാതി നൽകിയിരുന്നു.
ഇതേ തുടർന്നാണ് ജോയിന്റ് ആർ.ടി.ഒ. എം.ജി. മനോജ് അന്വേഷണത്തിന് ശേഷം ഓട്ടോറിക്ഷ ഡ്രൈവറുടെ ഡ്രൈവിങ് ലൈസൻസ് അയോഗ്യമാക്കിയത്.