സംസ്ഥാനത്ത് വാനര വസൂരി സ്ഥിരികരിച്ച സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി അറിയിച്ചു. ജില്ലാതല യോഗം ചേര്‍ന്ന് നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി. കഴിഞ്ഞ 12 ന് യുഎഇ സമയം വൈകിട്ട് അഞ്ചിന് ഷാര്‍ജ-തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ വന്ന യാത്രക്കാരനില്‍ ആണ് രോഗം സ്ഥരീകരിച്ചിട്ടുളളത്. ഫ്ളൈറ്റ് കോണ്‍ടാക്ട് ഉളള ജില്ലയിലെ 16 പേരെ നിരീക്ഷിച്ചു വരുന്നു. നിലവില്‍ ഇവര്‍ക്ക് പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഇല്ല. പ്രവാസികള്‍ കൂടുതലുളളതിനാല്‍ മങ്കിപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ സ്വയം നിരീക്ഷണത്തില്‍ തുടരുകയും, 21 ദിവസത്തിനകം എന്തെങ്കിലും രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും വേണം.
വാനര വസൂരി - രോഗപ്പകര്‍ച്ച
രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുളള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീരസ്രവങ്ങള്‍, കുമിളകള്‍ പൊട്ടുമ്പോള്‍ അവയില്‍ നിന്നും വരുന്ന സ്രവം, ശ്വസനത്തുളളികള്‍, കിടക്ക എന്നിവയുമായുളള അടുത്ത സമ്പര്‍ക്കം, രോഗം ബാധിച്ചയാളുമായിട്ടുളള ലൈംഗിക ബന്ധം, പ്ലാസന്റ വഴി അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് എന്നിവയിലൂടെ രോഗം പകരാം.
വാനര വസൂരി - ലക്ഷണങ്ങള്‍
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശീ വേദന, ഊര്‍ജ്ജക്കുറവ് തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് ഒന്ന് മുതല്‍ മൂന്ന് ദിവസത്തിനുളളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനു പുറമേ കൈപ്പത്തി, ജനനേന്ദ്രിയം, നേത്രപടലം(കോര്‍ണിയ), നേത്രാവരണം (കണ്‍ജങ്ക്ടൈവ) എന്നീ ശരീര ഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
കോവിഡിനെ പോലെ വളരെ വേഗം വ്യാപിക്കുന്ന ഒരു രോഗമല്ല മങ്കിപോക്സ്. വളരെ അടുത്ത സമ്പര്‍ക്കത്തിലുടെ മാത്രമേ രോഗം പകരാനുളള സാധ്യത ഉളളൂ. രോഗ തീവ്രതയും കോവിഡിനെ അപേക്ഷിച്ച് വളരെ കുറവാണ്. അതിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ജില്ലയില്‍ ഇല്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
News Source : https://www.facebook.com/iprdpta