തിരുവല്ല കുറ്റപ്പുഴയിൽ അംഗൻവാടി അധ്യാപികയെ വീടിന്റെ അടുക്കളയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റപ്പുഴ മാടമുക്ക് സ്വദേശി കുറ്റപ്പുഴ പുതുപ്പറമ്പിൽ വീട്ടിൽ മഹിളാ മണി (60) യെയാണ് ഇന്ന് രാവിലെ വീടിന്റെ പിൻവശത്തെ അടുക്കളയിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്.
രാവിലെ ആറു മണിയോടെ ഭർത്താവ് ശശിക്ക് കാപ്പി ഉണ്ടാക്കാനായി അടുക്കളയിലേക്ക് പോയ മഹിളാ മണിയെ ഏറെ നേരമായും കാണാതായതിനെ തുടർന്ന് ഭർത്താവ് തിരഞ്ഞപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. ഭർത്താവ് ഉടൻ തന്നെ സമീപത്തെ ബന്ധുവീട്ടിലെത്തി വിവരം പറഞ്ഞു. തുടർന്ന് ബന്ധുക്കൾ ചേർന്ന് മഹിളാ മണിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.