നോര്‍ക്കയുടെ ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം രണ്ടാം ഘട്ടത്തിലേയ്ക്ക് : അപേക്ഷകൾ ക്ഷണിച്ചു.
കേരളത്തില്‍ നിന്നുളള നഴ്‌സിങ്ങ് പ്രൊഫഷണലുകളെ ജര്‍മ്മനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന നോര്‍ക്കാ റൂട്ട്‌സിന്റെ ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം വിജയകരമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. രണ്ടാം ഘട്ടത്തില്‍ 300 നഴ്‌സിങ്ങ് പ്രൊഫഷണലുകളുടെ ഒഴിവുകളിലേയ്ക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുക. നഴ്‌സിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ള കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് ആഗസ്റ്റ് 16 മുതല്‍ അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 25.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക-റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും, ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. റിക്രൂട്ട്‌മെന്റ് പൂര്‍ണ്ണമായും സൗജന്യമാണ്.
നവംബര്‍ 1 മുതല്‍ 11 വരെ തിരുവനന്തപുരത്ത് ജര്‍മ്മന്‍ പ്രതിനിധികള്‍ നേരിട്ട് നടത്തുന്ന അഭിമുഖത്തിലൂടെയാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. ട്രിപ്പിള്‍ വിന്‍ പ്രോഗ്രാമിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാര്‍ക്ക് ജര്‍മ്മന്‍ ഭാഷാ എ1/എ2/ബി1 ലെവല്‍ പരിശീലനം കേരളത്തില്‍ വച്ച് നല്‍കുന്നതാണ്. എ2 ലെവലും ബി1 ലെവലും ആദ്യ ശ്രമത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 250 യൂറോ വീതം ബോണസ് ലഭിക്കും. ശേഷം ജര്‍മ്മനിയിലെ ആരോഗ്യമേഖലയില്‍ അസിസ്റ്റന്റ് നഴ്‌സുമാരായി ജോലി ചെയ്യാനുള്ള അവസരമുണ്ടാകും. തുടര്‍ന്ന് ജര്‍മ്മന്‍ ഭാഷാ ബി2 ലെവല്‍ പാസ്സായി അംഗീകാരം ലഭിക്കുമ്പോള്‍ രജിസ്റ്റേര്‍ഡ് നഴ്‌സായി ജര്‍മ്മനിയില്‍ ജോലി ചെയ്യാനുള്ള അവസരവും ലഭിക്കും. ജര്‍മ്മനിയിലെ ബി2 ലെവല്‍ വരെയുള്ള ഭാഷാ പരിശീലനവും തികച്ചും സൗജന്യമാണ്.
രജിസ്റ്റേര്‍ഡ് നഴ്‌സായി അംഗീകാരം ലഭിക്കുന്നത് വരെ എവിടെ നിന്ന് ഏകദേശം 2300 യൂറോയും പിന്നീട് 2800 യൂറോയും ലഭിക്കും. കൂടാതെ മണിക്കൂറില്‍ 20 മുതല്‍ 35 ശതമാനം വരെ വര്‍ദ്ധിച്ച നിരക്കില്‍ ഓവര്‍ടൈം അലവന്‍സും ലഭിക്കുന്നതാണ്. ക്ലാസുകള്‍ തീര്‍ത്തും നേരിട്ടുള്ളതായിരിക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. ജര്‍മ്മന്‍ ഭാഷാ പഠന കേന്ദ്രമായ ഗോയ്‌ഥേ ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിക്കുന്ന കേന്ദ്രങ്ങളില്‍ നേരിട്ട് ക്ലാസിന് ഹാജരാകാന്‍ കഴിയുന്ന ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. ഏതെങ്കിലും വിദേശരാജ്യങ്ങളില്‍ നിലവില്‍ ജോലി ചെയ്യുന്നവരോ സാധുവായ വിസ ഉള്ളവരോ ഈ പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല. കൂടാതെ അപേക്ഷകര്‍ കഴിഞ്ഞ ആറു മാസമായി ഇന്ത്യയില്‍ സ്ഥിരതാമസം ഉള്ളവരായിരിക്കണം. മലയാളികളായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്രായപരിധി ഇല്ല. ഈ പദ്ധതിയുടെ ഒന്നാം എഡിഷനില്‍ അപേക്ഷിച്ച് ഷോര്‍ട്ട്‌ലിസ്റ്റില്‍ സ്ഥാനം കണ്ടെത്താന്‍ കഴിയാത്തവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്.
മൂന്ന് വര്‍ഷമോ അതിനുമുകളിലോ പ്രവര്‍ത്തി പരിചയമുള്ളവര്‍, ജര്‍മ്മന്‍ ഭാഷാ പ്രാവീണ്യമുള്ളവര്‍, ഹോം കെയര്‍/നഴ്‌സിംഗ് ഹോം പ്രവര്‍ത്തി പരിചയമുള്ളവര്‍, തീവ്ര പരിചരണം/ ജറിയാട്രിക്‌സ്/ കാര്‍ഡിയോളജി/ ജനറല്‍ വാര്‍ഡ്/സര്‍ജിക്കല്‍-മെഡിക്കല്‍ വാര്‍ഡ്/ നിയോനാറ്റോളജി/ ന്യൂറോളജി/ഓര്‍ത്തോപീഡിക്‌സും അനുബന്ധ മേഖലകളും/ഓപ്പറേഷന്‍ തീയേറ്റര്‍/സൈക്യാട്രി എന്നീ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ തുടങ്ങിയ അപേക്ഷകര്‍ക്ക് മുന്‍ഗണന ലഭിക്കും.
ആദ്യ ബാച്ചില്‍ തെരഞ്ഞെടുക്കപ്പെട്ട 200 നഴ്‌സുമാരുടെ ജര്‍മ്മന്‍ ഭാഷാ പരിശീലനം ഗോയ്‌ഥേ ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേന കൊച്ചിയിലും തിരുവനന്തപുരത്തുമായി നടന്നു വരികയാണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥിക ള്‍ നോര്‍ക്ക-റൂട്ട്‌സിന്റെ വെബ്‌സൈറ്റ് www.norkaroots.org സന്ദര്‍ശിച്ച് 2022 ആഗസ്റ്റ് മാസം 16 മുതല്‍ അപേക്ഷ സമര്‍പ്പിയ്ക്കാവുന്നതാണെന്ന് നോര്‍ക്ക-റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷയോടൊപ്പം CV, ഡിഗ്രി/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്, German Language Certificate, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സൂചിപ്പിക്കുന്ന ഏറ്റവും ഒടുവിലത്തെ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട് എന്നിവ സ്‌കാന്‍ ചെയ്ത് ഒറ്റ പി.ഡി.എഫ് ആയി അപ്പ് ലോഡ് ചെയ്യേണ്ടതാണ്. പ്രവര്‍ത്തിപരിചയ കാലയളവും, ഡിപ്പാര്‍ട്ട്‌മെന്റുകളും ഏറെ പ്രധാനമായതിനാല്‍ മുഴുവന്‍ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും അപ്പ്‌ലോഡ് ചെയ്യാന്‍ ശ്രദ്ധിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 1800-425-3939 (India), +91-8802012345( International) ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.