പരുമല പാലത്തിന്റെ അപ്രോച്ച് റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ടാറിംങ് അടക്കം തകർന്ന് അഗാധമായ ഗർത്തമാണ് രൂപം കൊണ്ടത്. ഇരുചക്രവാഹന യാത്രികരായ രണ്ട് സ്ത്രീകള്‍, കുഴിയില്‍ വീഴാതെ തലനാരിഴയ്ക്ക് രക്ഷപെട്ടു.
പത്തനംതിട്ട - ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് പമ്പായാറിനു കുറെയുളള പാലത്തിന്റെ അപ്രോച്ച് റോഡാണിത്. ചെങ്ങന്നൂർ, പരുമല പള്ളി, പരുമല ഹോസ്പിറ്റൽ, പമ്പാ കോളേജ് എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രധാന റോഡാണിത്.
പരുമല പളളിയുടെ ഭാഗത്ത് നിന്നും പാലത്തിലേയ്ക്ക് കയറുന്നതിനു തൊട്ടു മുന്‍പ് വലത് വശത്താണ് ഗര്‍ത്തം രൂപപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്നു മണിയോടെ ആയിരുന്നു സംഭവം. ലോറിയും കാറും കടന്നു പോയതിന് പിന്നാലെ ഭയാനക ശബ്ദത്തോടെ റോഡ് ഇടിഞ്ഞു താഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റോഡ് ഇടിഞ്ഞു താഴ്ന്ന സമയത്ത് പരുമല ഭാഗത്ത് നിന്നും എത്തിയ ഇരുചക്ര വാഹന യാത്രക്കാരായിരുന്ന രണ്ട് സ്ത്രീകള്‍ കുഴിയില്‍ വീഴാതെ തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു.
സമീപന പാതയുടെ ഒരു വശം ഇടിഞ്ഞ് താണതോടെ ഒരുഭാഗത്ത് കൂടിമാത്രമായാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. കുഴിയോട് ചേര്‍ന്ന് അപ്രോച്ച് റോഡില്‍ പലഭാഗത്തായി വിളളലും വീണിട്ടുണ്ട്. കനത്തമഴയില്‍ പമ്ബ കരകതൊട്ട് ഒഴുകിയപ്പോൾ അപ്രോച്ച് റോഡിനു താഴെ മണ്ണ് അടര്‍ന്ന് പോയതാകാം കുഴി രൂപപ്പെടാന്‍ കാരണമെന്നാണ് സംശയിക്കുന്നത്.
പാലത്തിന്റെ ഉപരിതലത്തോട് ചേര്‍ന്ന് ഉണ്ടായിരുന്ന അപ്രോച്ച് റോഡ് സമീപ ദിവസങ്ങളില്‍ അല്‍പം താഴ്ന്ന നിലയിലായിരുന്നുവെന്നും പാലത്തില്‍ നിന്ന് വാഹനം ഓടിച്ചിറങ്ങുമ്പോൾ എടുത്തടിക്കുന്നതായി അനുഭവപ്പെട്ടിരുന്നുവെന്നും യാത്രക്കാര്‍ പറയുന്നു. പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അപ്രോച്ച് റോഡ് ഭാഗങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണ്. ഗതാഗതം നിയന്ത്രിച്ച് ഒറ്റ വരിയാക്കി.
പാലത്തിന്റെ സ്ട്രച്ചറിനു ക്ഷയം ഒന്നുമില്ല എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഒരാൾ താഴ്ചയിൽ രൂപപ്പെട്ട കുഴി ഉടനെ തന്നെ മൂടി വാഹനങ്ങൾ കടത്തി വിടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എഞ്ചിനിയർ അറിയിച്ചു.