വാലാങ്കര പൂവത്തിളപ്പിൽ പാറ കയറ്റിവന്ന ലോറി അടച്ചിട്ടിരുന്ന കടയിലേക്ക് ഇടിച്ചുകയറി. ആർക്കും പരിക്കില്ല. ബുധനാഴ്ച വൈകീട്ട് നാലേമുക്കാലിനാണ് അപകടം. കെട്ടിടത്തിന്റെ കോൺക്രീറ്റ് തൂണും രണ്ട് റോളിങ് ഷട്ടറും തകർന്നു.
നാരകത്താനി ഭാഗത്തുനിന്ന് ടി.എം.വി. റോഡിലൂടെ വന്ന വണ്ടി കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയിലേക്ക് ഇറങ്ങിയപ്പോൾ വളവ് തിരിയാതെ നിയന്ത്രണംവിട്ട് നേരേ പോയി കടയിലേക്ക് കയറുകയായിരുന്നു. കുറുകെ വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രമിച്ചതാണ് കാരണമെന്ന് പറയുന്നു.
വിദ്യാർഥികൾ അടക്കം നിരവധി യാത്രക്കാർ മിക്കപ്പോഴും ഉണ്ടാകാറുള്ള ഇവിടെ ഭാഗ്യംകൊണ്ടാണ് ആളപായം ഒഴിവായത്. രണ്ട് റോഡുകളും സംഗമിക്കുന്ന സ്ഥലത്ത് പ്രധാന പാതയിൽ വളവ് കൂടിയുള്ളതിനാൽ അപകടങ്ങൾ വർധിച്ചിട്ടുണ്ട്.