നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയായ യുവാവിനെ റേഞ്ച് ഡി ഐ ജിയുടെ ഉത്തരവ് പ്രകാരം ആറു മാസത്തേക്ക് നാടുകടത്തി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിപ്പിക്കപ്പെട്ട ഡി ഐ ജിയുടെ ഉത്തരവനുസരിച്ച് തിരുവല്ല കുറ്റപ്പുഴ പുന്നക്കുന്നം പാപ്പനവേലിൽ വീട്ടിൽ അലക്സാണ്ടർ ചാക്കോയുടെ മകൻ സുബിൻ അലക്സാണ്ടർ (23) ആണ് നാടുകടത്തപ്പെട്ടത്.
തിരുവല്ല, കീഴ്‌വായ്‌പ്പൂർ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട ആറ് കേസുകളിൽ ഇയാൾ പ്രതിയാണ്. കാപ്പനിയമത്തിലെ വകുപ്പ് 15(1) പ്രകാരമാണ് നാടുകടത്തൽ ഉത്തരവ്.
വകുപ്പ് 2(p) പ്രകാരം 'അറിയപ്പെടുന്ന റൗഡി ' ലിസ്റ്റിൽ പെടുന്നയാളാണ് പ്രതി. 2018 മുതൽ അടിപിടി, വധശ്രമം, മാരകാ യുധങ്ങളുമായുള്ള ആക്രമണം, വീടുകയറി ആക്രമണം, വാഹനം നശിപ്പിക്കൽ, സംഘം ചേർന്നുള്ള ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്ന ഇയാൾ, സമൂഹത്തിന്റെ സാമാധാനജീവിതത്തിന് ഭംഗം വരുത്തുകയും ഭയം സൃഷ്ടിക്കുകയും ചെയ്യുന്നയാളാണെന്ന് വ്യക്തമായതിനെ തുടർന്നാണ് നടപടി.
ബന്ധപ്പെട്ട എസ് എച്ച് ഓ മാരുടെ റിപ്പോർട്ടുകൾ സബ് ഡിവിഷണൽ പോലീസ് ഓഫീസർമാർ മുഖാന്തിരം ജില്ലാ പോലീസ് മേധാവിക്ക് ലഭ്യമാക്കുകയും, അത് പരിശോധിച്ച ശേഷം ഡി ഐ ജിക്ക് നടപടിക്ക് ജില്ലാ പോലീസ് മേധാവി ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ജില്ലക്ക് പുറത്തേക്ക് നാടുകടത്തിയത്.
കോടതി കാര്യങ്ങളിലും, അടുത്ത ബന്ധുക്കളുടെ ഒഴിവാക്കാനാവാത്ത മരണം, വിവാഹം തുടങ്ങിയ ചടങ്ങുകളിൽ ജില്ലാ പോലീസ് മേധാവിയുടെ രേഖമൂലമുള്ള മുൻകൂർ അനുമതി വാങ്ങി പങ്കെടുക്കാം.
നാടുകടത്തപ്പെട്ട കാലയളവിൽ താമസിക്കുന്ന പുതിയ മേൽവിലാസം ഡി ഐ ജി, ജില്ലാ പോലീസ് മേധാവി, താമസസ്ഥലത്തെ പോലീസ് സ്റ്റേഷൻ എന്നിങ്ങനെ അറിയിക്കുകയും വേണമെന്നും ഉത്തരവിൽ പറയുന്നു.
ഇയാൾക്കെതിരെ തിരുവല്ല പോലീസ് സ്റ്റേഷനിൽ റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുണ്ട്. ഉത്തരവ് ലംഘിച്ചാൽ അറസ്റ്റ് ഉൾപ്പെടെയുള്ള പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാനും വ്യവസ്ഥയുണ്ട്.