ഭക്ഷണം തീര്‍ന്നു പോയെന്നു പറഞ്ഞതിന് തട്ടുകട നടത്തുന്ന സ്ത്രീയെയും മകനെയും തല്ലിച്ചതച്ച പ്രതികളില്‍ രണ്ട് പേരെ പിടികൂടി, ഒന്നാം പ്രതി ഒളിവില്‍. രണ്ടാം പ്രതി മുണ്ടമല പുല്ലേലിമല പുല്ലേലില്‍ വീട്ടില്‍ പ്രസ്റ്റീന്‍ രാജു (24), മൂന്നാം പ്രതി കോയിപ്രം കുറവന്‍ കുഴി ആന്താരിമണ്‍ ഓലിക്കുതാഴെതില്‍ ശാരോണ്‍ ഷാജി (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബൈക്കില്‍ എത്തിയ പ്രതികള്‍ ഭക്ഷണം ചോദിച്ചപ്പോള്‍ തീര്‍ന്നുപോയെന്നു പറഞ്ഞതില്‍ പ്രകോപിതരായി അക്രമം അഴിച്ചുവിടുകയായിരുന്നു. ഒന്നാം പ്രതി സുനില്‍ അസഭ്യം വിളിച്ചുകൊണ്ട് ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോള്‍, കടയുടെ സമീപത്തു നിന്ന രാജന്‍ എന്നയാള്‍ ചോദ്യം ചെയ്തു. ഇയാളെ പ്രതികള്‍ തള്ളിത്താഴെയിട്ട് മര്‍ദിച്ചു. തടസം പിടിക്കാനെത്തിയ ലിസിയുടെ മകന്‍ അനീഷ് കുമാറിനെ ഒന്നും മൂന്നും പ്രതികള്‍ അടിക്കുകയും തൊഴിക്കുകയും ചെയ്തു. ഇടയ്ക്ക് കയറി തടയാന്‍ ശ്രമിച്ച ലിസിക്കും മര്‍ദ്ദനമേറ്റു. ലിസിയെ അപമാനിക്കുകയും തള്ളിയിടുകയും ചെയ്തു. വലതുകൈയുടെ ചെറുവിരലിനും കാല്‍ മുട്ടുകള്‍ക്കും മുറിവുപറ്റി.
സംഭവമറിഞ്ഞ പോലീസ് ലിസിയുടെ വീട്ടിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തി കേസെടുത്തു. മൂന്നാം പ്രതി ശാരോണ്‍ ഷാജി റാന്നി പോലീസ് സ്‌റ്റേഷനിലെ മൂന്ന് മോഷണ കേസുകളില്‍ പ്രതിയാണെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. പ്രതികള്‍ കഞ്ചാവ് പോലെയുള്ള ലഹരുവസ്തുക്കള്‍ സ്ഥിരമായി ഉപയോഗിക്കുകയും മോഷണം, അടിപിടി, അക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു വരികയാണെന്നും അന്വേഷണത്തില്‍ മനസിലായി.
ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശാനുസരണം ഒന്നാം പ്രതിക്കുവേണ്ടി തെരച്ചില്‍ വ്യാപിപ്പിക്കുകയും, പ്രതികള്‍ക്കെതിരായ അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്.ഐ അനൂപിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എസ് സി പി ഓമാരായ പ്രകാശ്, ജോബിന്‍ ജോണ്‍, സി പി ഓ ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.