രോഗത്തിന് ചികില്‍സയ്ക്കായി തിരുവല്ലയിലെ ഭാര്യയുടെ വീട്ടില്‍ വന്ന് താമസിച്ചപ്പോള്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന യുവാവിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമല കടയില്‍ പുത്തന്‍ വീട്ടില്‍ ബൈജു ശശിധരന്‍ (44 ) ആണ് ഇന്റര്‍ പോളിന്റെ സഹായത്തോടെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതിയെ അവിടെ വെച്ചാണ് കസ്റ്റഡിയില്‍ എടുത്തത്.
ഹൃദ്രോഗ സംബന്ധമായ അസുഖത്തിന് ചികിത്സയ്ക്കായി തിരുവല്ലയിലെ ഭാര്യ വീട്ടില്‍ എത്തിയ ബൈജു കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഒരാഴ്ചയ്ക്കു ശേഷം ബൈജു വിദേശത്തേക്ക് മടങ്ങുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയുടെ മനോനിലയില്‍ വ്യത്യാസം അനുഭവപ്പെട്ട സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ ആണ് പീഡന വിവരം പുറത്തറിഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു.
ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മസ്‌കറ്റില്‍ ആയിരുന്ന ബൈജു ശശിധരനെ ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവല്ല ഇന്‍സ്‌പെക്ടര്‍ പി.എസ് വിനോദിന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം ഇന്ന് ഉച്ചയോടെ പ്രതിയെ തിരുവല്ലയില്‍ എത്തിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.