പൈപ്പ് സ്ഥാപിക്കൽ പൂർത്തിയാകാതെ ആനിക്കാട്, മല്ലപ്പള്ളി, കോട്ടാങ്ങൽ പഞ്ചായത്തുകളുടെ കുടിവെള്ള പദ്ധതി അവസാനഘട്ടത്തിൽ മുടങ്ങി.
കരാറുകാരൻ പൈപ്പുകൾ എത്തിക്കാൻ കൂട്ടാക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. കരാർ കാലാവധി കഴിഞ്ഞതോടെ ഇയാളെ ഒഴിവാക്കുകയും ചെയ്തു. എന്നാൽ, ചെയ്ത ജോലിയുടെ ആറ് കോടിയോളം രൂപ കിട്ടാനുണ്ടെന്നാണ് കരാറുകാരന്റെ പരാതി. ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമീപിച്ചിട്ടുമുണ്ട്.
സംഭരണികൾ പൂർത്തിയായെങ്കിലും മണിമലയാറ്റിലെ കിണറിൽനിന്ന് പുളിക്കാമല ശുദ്ധീകരണ ശാലയിലേക്കും അവിടെ നിന്ന് വിതരണത്തിനും ഉള്ള പൈപ്പുകൾ സ്ഥാപിക്കാത്തതിനാൽ നാളുകളായി പണി മുടങ്ങിക്കിടക്കുകയായിരുന്നു. പൈപ്പുകൾ കുഴിച്ചിട്ട് തകരാറിലാകുന്ന റോഡുകൾ പുനർ നിർമിക്കാനായി ജലജീവൻ മിഷൻ പദ്ധതിയിലടക്കം മൂന്ന് കോടിയോളം രൂപ പി.ഡബ്ല്യു.ഡി.ക്ക് കൈമാറിയ ശേഷമാണ് ഒടുവിൽ അനുമതി കിട്ടിയത്.
തുടർന്ന് കോഴിമണ്ണിൽകടവിൽനിന്ന് പുളിക്കാമല ശുദ്ധീകരണ ശാലയിലേക്കുള്ള പൈപ്പുകൾ ഇട്ടു. ഇനി പത്ത് മീറ്റർ കൂടിയേ അവശേഷിക്കുന്നുള്ളൂ. എന്നാൽ, ശുദ്ധജലം ടാങ്കുകളിലേക്ക് എത്തിക്കാനുള്ള പൈപ്പുകൾ സ്ഥാപിച്ചിട്ടില്ല. കരാറുകാരൻ ഒഴിവായതോടെ ജലജീവൻ മിഷൻ പദ്ധതിയിൽ ബാക്കി പണി ചെയ്യാനാണ് വാട്ടർ അതോറിറ്റിയുടെ നീക്കം. ട്രാൻസ്ഫോർമറുകളും മോട്ടോറുകളും പമ്പുകളും സ്ഥാപിക്കേണ്ടതുണ്ട്. സംസ്ഥാന പദ്ധതിയിൽ രണ്ടാം ഘട്ടമായി അനുവദിച്ച 24 കോടി രൂപയിൽ കുറച്ചുതുക മാത്രമേ വാട്ടർ അതോറിറ്റിക്ക് സർക്കാർ നല്കിയുള്ളൂവെന്ന് അറിയുന്നു.
അതിനാലാണ് കരാറുകാരന്റെ പണം കൊടുക്കാനാകാതെ വന്നത്. മോട്ടോർ വയ്ക്കാനും മറ്റും പുതിയ ടെൻഡർ ക്ഷണിച്ച് കരാർ വച്ചിട്ടുണ്ട്. എന്നാൽ, ഫണ്ട് വന്നാൽ മാത്രമേ ഇവിടെയും തുക നൽകാൻ കഴിയുകയുള്ളൂ എന്നതാണ് സ്ഥിതി.
പണമില്ലാതെ മൂന്ന് പഞ്ചായത്തുകളുടെ കുടിവെള്ളപദ്ധതി മുടങ്ങിയപ്പോൾ പൈപ്പ് ഇടാൻ കുഴിച്ച കുഴി കാരണം ആനിക്കാട് പഞ്ചായത്തിലെ റോഡുകൾ എല്ലാം തന്നെ തകർന്ന് കിടക്കുകയാണ്. വാട്ടർ അതോറിറ്റിയുടെ പണി തീരാത്തതിനാൽ റോഡിൻറെ അറ്റകുറ്റ പണികൾ പോലും പി.ഡബ്ല്യു.ഡി. ചെയ്യുന്നില്ല.