വിദേശത്ത് നിന്ന് വരുന്നവര്‍ക്കുള്ള എയര്‍ സുവിധ രജിസ്‌ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ വിവരശേഖരണത്തിന് വേണ്ടിയാണ് എയര്‍ സുവിധ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയിരുന്നത്.
കോവിഡ് കേസുകളില്‍ കാര്യമായ കുറവുണ്ടായതിനാലും വാക്‌സിനേഷന്‍ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതിനാലുമാണ് സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ പിന്‍വലിക്കുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച് പുതുക്കിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. സുഗമമായ യാത്രയ്ക്ക് തടസമാകുകയും സാങ്കേതിക ചടങ്ങെന്നതില്‍ കവിഞ്ഞ് നിലവില്‍ ഇതുകൊണ്ട് യാതൊരു ഉപയോഗവും ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് കേന്ദ്രം യാത്രക്കാരുടെ മാര്‍ഗനിര്‍ദ്ദേശം പുതുക്കിയത്.
സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ പിന്‍വലിക്കുന്നത് ഇന്ത്യയിലേക്ക് വരുന്ന വിമാനയാത്രക്കാര്‍ക്ക് ഏറെ ആശ്വാസം പകരും. കോവിഡ് വ്യാപന നിരക്കില്‍ വര്‍ധനവുണ്ടാകുന്ന പക്ഷം ഇത് പുനഃസ്ഥാപിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.