കറുകച്ചാലില്‍ അയല്‍വാസിയുടെ മുറ്റത്തുകിടന്ന കാര്‍ കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞയാള്‍ മരിച്ചു. മാന്തുരുത്തി അരിമാലീല്‍ ചന്ദ്രശേഖരന്‍ നായര്‍ (76) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെ അയല്‍വാസി കണ്ണമ്പള്ളി ടോമിച്ചന്റെ മുറ്റത്താണ് സംഭവം.
വീട്ടുമുറ്റത്ത് കിടന്ന കാറിനും ജനലിലും തീപിടിച്ചതുകണ്ട് ടോമിച്ചന്റെ ഭാര്യ ജെസി ഇറങ്ങിച്ചെന്നപ്പോള്‍ ദേഹമാസകലം തീയുമായി ചന്ദ്രശേഖരന്‍ മുറ്റത്തുകൂടി ഓടുന്നതാണ് കണ്ടത്. അയല്‍വാസികള്‍ ചേര്‍ന്ന് വെള്ളമൊഴിച്ച് തീകെടുത്തി. പോലീസെത്തി ചന്ദ്രശേഖരനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച 12.30-ഓടെ മരിച്ചു.
ചന്ദ്രശേഖരന്‍ എന്തിനാണ് വീട്ടിലെത്തിയതെന്നോ തീയിടാന്‍ ശ്രമിച്ചതെന്നോ വീട്ടുടമ ടോമിച്ചനും കുടുംബത്തിനും അറിയില്ല. ചന്ദ്രശേഖരനുമായി യാതൊരു പ്രശ്നവുമില്ലായിരുന്നെന്നും നല്ല ബന്ധമായിരുന്നെന്നും ടോമിച്ചന്‍ പറഞ്ഞു. വീട്ടുമുറ്റത്തുനിന്ന്, ചന്ദ്രശേഖരന്‍ കൊണ്ടുവന്നെന്ന് കരുതുന്ന പ്ലാസ്റ്റിക് കുപ്പിയില്‍ മണ്ണെണ്ണയുടെ അംശം കണ്ടെത്തി. ബന്ധുക്കളുമായി അകന്ന് ചന്ദ്രശേഖരന്‍ ഒറ്റയ്ക്കായിരുന്നു താമസം.
ടോമിച്ചന്റെ പരാതിയില്‍ കറുകച്ചാല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.