സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടങ്ങൾ വച്ചശേഷം സ്വർണ്ണാഭരണങ്ങൾ കവർന്ന കേസുകളിൽ ജീവനക്കാരിയും സുഹൃത്തും അറസ്റ്റിലായി. മല്ലപ്പള്ളി എൻ എം നെടുമ്പറമ്പിൽ നിധി ലിമിറ്റഡ് എന്ന ധനകാര്യസ്ഥാപനത്തിൽ കസ്റ്റമർ റിലേഷൻ ഓഫീസറായിരുന്ന ആനിക്കാട് വായ്പ്പൂർ പാറയിൽ അരുൺ സദനത്തിൽ അരുണിന്‍റെ ഭാര്യ നീതുമോൾ എൻ എം (32), ഇവരുടെ സുഹൃത്ത് കോട്ടാങ്ങൽ വായ്പ്പൂർ ജോണിപ്പടി മഞ്ഞള്ളൂർ കുന്നേൽ വീട്ടിൽ മനു (32) എന്നിവരെയാണ് കീഴ്‌വായ്‌പ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വന്തം പേരിലും ഭർത്താവിന്‍റെയും ബന്ധുക്കളുടെയും സുഹൃത്തുക്കുളുടെയും പേരിലും സ്വർണ്ണം പണയം വെച്ച് 12,31,000 രൂപ കൈവശപ്പെടുത്തിയും, സ്ഥാപനത്തിലെ മറ്റ് ജിവനക്കാർ അറിയാതെ ലോക്കർ തുറന്ന് മുക്കുപണ്ടങ്ങൾ വച്ചശേഷം സ്വർണ്ണാ ഭരണങ്ങൾ കവരുകയും ചെയ്തു എന്നാണ് കേസ്. സീനിയർ ബ്രാഞ്ച് മാനേജർ കുന്നന്താനം തോട്ടപ്പടി സ്വാതിവീട്ടിൽ കുഞ്ഞപ്പന്‍റെ മകൻ വിശ്വംഭരൻ കഴിഞ്ഞവർഷം ഡിസംബർ 17 ന് കീഴ്‌വായ്‌പ്പൂർ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവന്ന കേസിലാണ് ഇപ്പോൾ അറസ്റ്റ് . പ്രതി കവർന്ന പണയ ഉരുപ്പടികളും കണ്ടെടുത്തു.
മല്ലപ്പള്ളിയിലെ ഒരു ഗോൾഡ് കവറിങ് ഷോപ്പിൽ നിന്നാണ് യുവതി മുക്കുപണ്ടങ്ങൾ വാങ്ങിയത്. ഇവ ലോക്കറിൽ വച്ചിട്ട് , അവിടെ പലരുടെയും പണയഉരുപ്പടികളായി സൂക്ഷിച്ചിരുന്ന സ്വർണാ ഭരണങ്ങൾ കവരുകയായിരുന്നു. ഈ സ്ഥാപനത്തിലെത്തി അന്വേഷണം നടത്തിയ പൊലീസ് സംഘം, കടയുടമയുടെ മൊഴിയെടുത്തു.
പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കവേ, നീതു മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷ പരിഗണിച്ച കോടതി, അന്വേഷണഉദ്യോഗസ്ഥന്‍റെ മുമ്പാകെ ഹാജരാകാൻ നിർദേശിച്ചുകൊണ്ട് ഉത്തരവായി. കവർന്നെടുത്ത തുകയിൽ തന്‍റെ ആവശ്യങ്ങൾക്ക് എന്നപേരിൽ ഒരുവിഹിതം സുഹൃത്ത് മനുവിന് നേരി ട്ട് കൈമാറിയതായും, കൂടാതെ മൊബൈൽ ഫോണും റിസ്റ്റ് വാച്ചും ഡ്രസ്സുകളും വാങ്ങി നൽകിയിട്ടുണ്ടെന്നും, പണത്തിൻെറ ഉറവിടത്തെപ്പറ്റി മനുവിന് അറിയാമായിരുന്നുവെന്നും, ഇയാളുമായി അവിഹിതബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും, തുടർന്ന് ഗർഭിണിയായ തന്നെ നിർബന്ധിച്ച് ചങ്ങനാശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി ഗർഭം അലസിപ്പിച്ചിരുന്നുവെന്നും മൊഴി നൽകി.
നീതു കവർന്ന തുകയിൽ നിന്നും 1,00,000 രൂപ ഡൌൺ പേയ്‌മെന്‍റ് കൊടുത്ത് മല്ലപ്പള്ളിയിലെ ഒരു കാർ ഷോ റൂമിൽനിന്നും പുതിയ ആൾട്ടോ 800 കാർ വാങ്ങിയതായി വ്യക്തമായിട്ടുണ്ട് പൊലീസ് ആവശ്യപ്പെട്ടതുപ്രകാരം കാർ നീതുവിന്‍റെ ഭർത്താവ് സ്റ്റേഷനിൽ എത്തിച്ചു. വാഹനം ഇയാൾ ഉപയോഗിച്ചു വരികയായിരുന്നു.
ജോലിയിൽ പ്രവേശിച്ച്, സീനിയർ ബ്രാഞ്ച് മാനേജരുടെ വിശ്വാസം ആർജ്ജിച്ചശേഷം, സ്വർണ്ണ ഉരുപ്പടികളും പണവും മറ്റും സൂക്ഷിക്കുന്ന സ്ട്രോങ്റൂമിൻെറ രണ്ട് താക്കോലുകളിലൊന്ന് കൈക്കലാക്കിയുമാണ് നീതു തട്ടിപ്പുകൾ നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കൂടാതെ,നേരത്തെ ജോലി നോക്കിയ വായ്പ്പൂരുള്ള ധനകാര്യസ്ഥാപനത്തിൽ, പണയം വെയ്ക്കാൻ വന്നവരുടെ ആധാർ മുതലായ തിരിച്ചറിയൽ രേഖകളുടെ പകർപ്പുകളും, വ്യക്തിവിവരങ്ങളും അവരുടെ ഒപ്പുകളും ദുരുദ്ദേശപരമായി സൂക്ഷിച്ച് വെച്ച് ഭർത്താവിന്‍റെയും മറ്റ് പലരുടെയും പേരിൽ മുക്കുപണ്ടങ്ങൾ പണയം വെച്ച് സ്വർണം കൈക്കലാക്കിയും, സുഹൃത്തുമായി അവിഹിത ബന്ധം സ്ഥാപിച്ച് ആഡംബരജീവിതം നയിക്കുക്കുകയും ചെയ്തതായും വെളിവായി. ഒന്നര വർഷത്തിൽ അധികമായി തുടർന്ന അന്വേഷണത്തിനൊടുവിലാണ് , കീഴ്‌വായ്‌പ്പൂർ പൊലീസ് ഇവരെ നിയമത്തിനു മുന്നിൽ എത്തിച്ചത്. കേസിന്‍റെ അന്വേഷണം നടന്നത് പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ജി സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലാണ്.
പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ് നേതൃത്വം നൽകുന്ന അന്വേഷണത്തിൽ എസ് ഐ സുരേന്ദ്രൻ, എ എസ് ഐ മനോജ്, സി പി ഓമാരായ ജിബിൻ ദാസ്, ശരണ്യ എന്നിവർ പങ്കെടുത്തു. തുടർന്ന്, അറസ്റ്റ് രേഖപ്പെടുത്തപ്പെട്ട പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.