ശനിയാഴ്ച നടത്താനിരുന്ന രാജ്യവ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ) ഭാരവാഹികൾ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ) ഭാരവാഹികളുമായി നടന്ന ചർച്ചയിലാണ് തീരുമാനം.
ഉന്നയിച്ച ഭൂരിഭാഗം ആവശ്യങ്ങളും പരിഹരിക്കാൻ സമ്മതിച്ചതിനാലാണ് പണിമുടക്കിൽനിന്ന് പിൻമാറുന്നതെന്ന് എ.ഐ.ബി.ഇ.എ ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം അറിയിച്ചു. ഇതോടെ രാജ്യത്തെ എല്ലാ ബാങ്കുകളും ഇന്ന് പ്രവർത്തിക്കും. ഇടപാടുകൾ തടസ്സമില്ലാതെ നടത്താം.
വ്യാഴാഴ്ചയാണ് സംഘടന പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക് സേവനങ്ങളെ ബാധിക്കുമെന്ന് പല ബാങ്കുകളും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.