രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ ഏഴാമത് ജില്ലാ പുസ്തകമേള മല്ലപ്പള്ളിയിൽ ഉദ്‌ഘാടനം ചെയ്തു. വായനയാണ് ജീവിതത്തിന് മൂല്യങ്ങൾ പകരുന്നതെന്നും തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്ന ഈ ശീലം മനുഷ്യ പുരോഗതിയുടെ അടിസ്ഥാന ഘടകമാണെന്നും ഉത്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ക്ഷേത്രപ്രവേശന വിളംബര സ്മാരക ശ്രീ ചിത്തിര തിരുനാൾ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് മേള നടത്തുന്നത്. മണിമലയാറ്റിലെ മല്ലപ്പള്ളി വലിയപാലത്തിന് സമീപം യൂണിയൻ ക്രിസ്ത്യൻ കൺവെൻഷൻ മന്ദിരത്തിൽ ചേർന്ന യോഗത്തിൽ സമിതി ചെയർമാൻ സുരേഷ് ചെറുകര അധ്യക്ഷത വഹിച്ചു. പ്രശസ്ത ശാസ്ത്രസാഹിത്യകാരൻ പ്രൊഫ. എസ്. ശിവദാസ് ക്ളാസെടുത്തു. സമിതി വൈസ് ചെയർമാൻ പ്രൊഫ. ജേക്കബ് എം.എബ്രഹാം, കൺവീനർമാരായ അഡ്വ. ജിനോയ് ജോർജ്, കെ.ആർ.പ്രദീപ്‌കുമാർ, എബി മേക്കരിങ്ങാട്ട്, കുഞ്ഞുകോശി പോൾ, ജോയിന്റ് സെക്രട്ടറി സുരേഷ് ആർ. നവദീപ്, ഖജാൻജി രാജേഷ് ജി.നായർ, കോ-ഓർഡിനേറ്റർ സതീഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
വ്യാഴാഴ്ച രണ്ടരയ്ക്കുചേരുന്ന യോഗത്തിൽ യുവാക്കളുടെ അരാഷ്ട്രീയത ചർച്ചാവിഷയമാകും. ആന്റോ ആന്റണി എം.പി. ഉദ്‌ഘാടനം ചെയ്യും. സി.പി.എം. ജില്ലാ സെക്രട്ടറി എ.പി.ഉദയഭാനു, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. വി.എസ്.സൂരജ്, കെ.പി.സി.സി. സെക്രട്ടറി അനീഷ് വരിക്കണ്ണാമല, മുൻ എം.എൽ.എ. ജോസഫ് എം.പുതുശ്ശേരി തുടങ്ങിയവർ പങ്കെടുക്കും.