മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായെന്ന റിപ്പോര്‍ട്ടുകളില്‍മേല്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
മോമോദിസ ചടങ്ങിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കീഴ് വായ്പൂർ സ്വദേശി റോജിന്റെ മകളുടെ മാമോദിസ ചടങ്ങിൽ പങ്കെടുത്ത എഴുപത്തോളം ആളുകൾക്കാണ് വയറിളക്കവും ഛർദിയും ഉണ്ടായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച കീഴ്വായ്പ്പൂർ സെന്റ് തോമസ് പള്ളിയിൽ വെച്ചാണ് ചടങ്ങ് നടന്നത്. വെള്ളിയാഴ്ച രാവിലെ മുതലാണ് ഭക്ഷണം കഴിച്ചവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്.
ജില്ലയിലെ വിവിധ ആശുപത്രിയിലാണ് ആളുകൾ ചികിത്സ തേടിയത്. ചെങ്ങന്നൂർ ഓവൻ ഫ്രഷ് കാറ്ററിംഗ് സ്ഥാപനത്തിൽ നിന്നാണ് ഭക്ഷണം എത്തിച്ചത്. മീൻകറിയിൽ നിന്നാണ് ഭക്ഷ്യവിഷ ബാധ ഏറ്റതെന്നാണ് സംശയം. സംഭവത്തിൽ കാറ്ററ്റിംഗ് സ്ഥാപനത്തിനെതിരെ വീട്ടുകാർ പോലീസിൽ പരാതി നൽകി.
ഗുരുതരാവസ്ഥയിൽ ഉണ്ടാരുന്ന കീഴ് വായ്പൂർ സ്വദേശി എബ്രഹാം തോമസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. ഇയാൾക്ക് വയറിളക്കവും ഛർദിയും ഉണ്ടായിരുന്നു. കുമ്പനാട് ആശുപത്രിയിൽ ചികിത്സയിലാണ് എബ്രാഹം തോമസ്.