ഏഴാമത് ജില്ലാ പുസ്തകമേള ജനുവരി 25 മുതൽ 28 വരെ മണിമലയാറ്റിലെ മല്ലപ്പള്ളി വലിയ പാലത്തിന് സമീപം യൂണിയൻ ക്രിസ്ത്യൻ കൺവെൻഷൻ ഹാളിൽ നടക്കും. കല, കായികം, ശാസ്ത്രം, സാഹിത്യം, കാരുണ്യം എന്നീ വിഷയങ്ങളിൽ സെമിനാറുകളും ചർച്ചാ ക്ളാസുകളും നടത്തും. ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീ ചിത്തിര തിരുനാൾ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ഇതര സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി.
ബുധനാഴ്ച രാവിലെ പത്തിന് ആന്റോ ആന്റണി എം.പി. ഉദ്‌ഘാടനം ചെയ്യും. സമിതി ചെയർമാൻ സുരേഷ് ചെറുകര അധ്യക്ഷത വഹിക്കും. ലോകത്ത് നാം തനിച്ചാണോ എന്ന വിഷയത്തിൽ പ്രൊഫ. എസ്.ശിവദാസ് ക്ളാസെടുക്കും. റിപ്പബ്ലിക് ദിനമായ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് ചേരുന്ന യോഗത്തിൽ യുവാക്കളുടെ അരാഷ്ട്രീയതയാണ് വിഷയം. രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ.കുര്യൻ ഉദ്‌ഘാടനം ചെയ്യും. സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ബി.ജെ.പി.ജില്ലാ പ്രസിഡന്റ് അഡ്വ. വി.എൻ.സൂരജ് എന്നിവർ പങ്കെടുക്കും.
വെള്ളിയാഴ്ച രാവിലെ പത്തിന് ചേരുന്ന കലാരംഗം മുൻ എം.എൽ.എ. രാജു എബ്രഹാം ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന കലോത്സവത്തിൽ മികച്ചസ്ഥാനം നേടിയ ജില്ലയിലെ കുരുന്നുകൾ അവരുടെ കഴിവുകൾ കാഴ്ചവെയ്ക്കും. ശനിയാഴ്ച വൈകീട്ട് മൂന്നിന് ചേരുന്ന സമാപനയോഗം അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ. ഉദ്‌ഘാടനം ചെയ്യും.
പ്രമുഹ പ്രസാധകരുടെ പുസ്തകങ്ങൾ മേളയിൽ ലഭിക്കും. പുസ്തകങ്ങൾക്ക് 10 മുതൽ 50 ശതമാനം വരെ വിലക്കിഴിവുണ്ട്. വിദ്യാലയങ്ങൾക്കും വായനശാലകൾക്കും പ്രത്യേക ഇളവുകൾ ലഭിക്കും. വാങ്ങുന്നവരുടെ കൂപ്പണുകൾ നറുക്കെടുത്ത് ആയിരത്തിലധികം രൂപയുടെ പുസ്തകങ്ങൾ സമ്മാനമായി നൽകും.
സമിതി ചെയർമാൻ സുരേഷ് ചെറുകര, കൺവീനറും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായ അഡ്വ. ജിനോയ് ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.