മല്ലപ്പള്ളി യൂണിയൻ ക്രിസ്ത്യൻ കൺവെൻഷൻ 102-ാമത് യോഗം (നാളെ) 15-ന് തുടങ്ങും. സി.എം.എസ്. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് വൈകീട്ട് ആറിന് മാർത്തോമ സഭാ കോട്ടയം കൊച്ചി ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ് ഉദ്ഘാടനം ചെയ്യും. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8.30-ന് ബൈബിൾ ക്ലാസ് നടക്കും. ഡോ. കെ.സി.വർഗീസ്, റവ. സാംജി കെ.സാം എന്നിവർ നേതൃത്വം നൽകും. വൈകീട്ട് നടക്കുന്ന പൊതുയോഗത്തിൽ ഇവാ ബാബു പുല്ലാട്, റവ. അലക്സ് പി. ഉമ്മൻ, റവ. സജീവ് തോമസ്, ബ്രദർ ജോർജ് പി.ഉമ്മൻ എന്നിവർ പ്രസംഗിക്കും.
20-ന് രാവിലെ 9.30-ന് എക്യുമെനിക്കൽ യോഗത്തിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മോറോൻ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ പ്രഭാഷണം നടത്തും. റവ. ഡോ. ഉമ്മൻ ജോർജ് അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന യോഗത്തിന് മാങ്ങാനം മോചന നേതൃത്വം നൽകും. വൈകീട്ട് ആറിന് ചേരുന്ന പൊതുയോഗത്തിൽ ബ്രദർ ജോർജ് ചെറിയാൻ പ്രസംഗിക്കും.
21-ന് രാവിലെ 10-ന് കുട്ടികൾക്കുള്ള യോഗം നടക്കും. തിരുവല്ല സി.എസ്.എസ്.എം. നേതൃത്വം നൽകും. അന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേരുന്ന യുവജനസമ്മേളനത്തിന് ലിവിങ് സ്റ്റോൺ ഗ്രൂപ്പ് നേതൃത്വം നൽകും. വൈകീട്ട് ആറിന് നടക്കുന്ന പൊതുയോഗത്തിൽ റവ. പി.കെ. സഖറിയ പ്രസംഗിക്കും.
22 രാവിലെ 10.30-ന് നടക്കുന്ന പൊതുയോഗത്തിൽ ബ്രദർ ഏബ്രഹാം ഒറ്റപ്ലാക്കൽ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം റവ. തോമസ് ശാമുവേൽ ഉദ്ഘാടനം ചെയ്യും. റവ. ഡോ. ഗ്രിഗോറിയോസ് മാർ ഫാനോസ് പ്രസംഗിക്കും.
മല്ലപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമുള്ള മാർത്തോമ്മാ സി.എസ്.ഐ. വിഭാഗങ്ങളിൽപ്പെട്ട 26 ഇടവകകളുടെ ആഭിമുഖ്യത്തിലാണ് കൺവെൻഷൻ. റവ. ജോജി തോമസ്, ജോസഫ് ഇലവുംമൂട്, ബെന്നിസ് ജോൺ, റോയ്‌സ് വർഗീസ്, ബിജു പുറത്തൂടൻ, ജോസി കുര്യൻ, വി.ജെ.വർഗീസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.