പതിനഞ്ചുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ ആളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. വെണ്ണിക്കുളം വാലാങ്കര ഗീതാസദൻ വീട്ടിൽ സദൻ എന്ന് വിളിക്കുന്ന സദൻപിള്ള (47) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. 2017 മുതൽ കുട്ടി സ്കൂൾ വിട്ടുവരുമ്പോൾ ഇയാൾ നടത്തുന്ന കടയിൽ വിളിച്ച് കയറ്റി അശ്ലീലദൃശ്യങ്ങൾ കാണിച്ചശേഷം അതിക്രമം നടത്തിയെന്നാണ് പരാതി.
ഒരിക്കൽ കുട്ടിയുടെ വീട്ടിൽ വെച്ചും, ഈ മാസം അമ്മ ഫോണിൽ വിളിക്കുന്നു എന്ന് കള്ളം പറഞ്ഞ് സ്കൂളിൽ നിന്ന് വിളിച്ചിറക്കി കടയിലെത്തിച്ചും ഇയാൾ ലൈംഗിക അതിക്രമം നടത്തിയെന്ന് പരാതിയിൽ പറയുന്നു.
കൗൺസിലിങ്ങിനിടെ കുട്ടി പറഞ്ഞ വിവരങ്ങൾ ചൈൽഡ് വെൽെഫയർ കമ്മിറ്റി പോലീസിന് കൈമാറി. തുടർന്ന് കോയിപ്രം സ്റ്റേഷനിലെ വനിതാ പോലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. റാന്നി ജെ.എഫ്.എം. കോടതിയിൽ കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി.
പോലീസ് സംഘം തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപത്തുനിന്നാണ് സദൻപിള്ളയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചെന്ന് കോയിപ്രം എസ്.ഐ. അനൂപ് പറഞ്ഞു. പൊലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാര്‍, എസ് ഐ അനുപ്, സിപിഒമാരായ നെബു, ഷെബി, രശ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.